പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റിനോട് ഷാഫിക്ക് വ്യക്തിവിരോധം ഉണ്ടെന്നും പ്രസിഡന്റിനെ ഹർത്താൽ ദിനത്തിൽ കൈയേറ്റം ചെയ്തെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് കെ സജീഷ്.

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ സംഘർഷം ഉണ്ടാക്കാൻ ബോധപൂർവ്വം ശ്രമം ഉണ്ടായെന്ന് സിപിഎം. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റിനോട് ഷാഫിക്ക് വ്യക്തിവിരോധം ഉണ്ടെന്നും പ്രസിഡന്റിനെ ഹർത്താൽ ദിനത്തിൽ കൈയേറ്റം ചെയ്തെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് കെ സജീഷ് മാധ്യമങ്ങളോട് പറഞ്ഞു. സംഘർഷത്തെ തുടർന്നുണ്ടായ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാൻ ലിസ്റ്റ് കൊടുക്കുന്ന പരിപാടി സിപിഎമ്മിന് ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ ആണ്‌ പൊലീസ് നടപടി ഉണ്ടായിരിക്കുന്നത്. സംഘർഷം ഉണ്ടാക്കാൻ ബോധപൂർവം ശ്രമം ഉണ്ടായി. പേരാമ്പ്ര പഞ്ചായത്ത്‌ പ്രസിഡന്റിനോട് ഷാഫിക്ക് വ്യക്തി വിരോധം ഉണ്ടായി. പ്രസിഡന്റിനെ ഹർത്താൽ ദിനത്തിൽ കൈയേറ്റം ചെയ്തു. ഷാഫി പറമ്പിലിന്റെ ഷോ ഇവിടെ അനുവദിക്കില്ല. ടിപി രാമകൃഷ്ണനെതിരെ പോലും സൈബർ ആക്രമണം ഉണ്ടായി. പരിക്കേറ്റ ശേഷവും ബൈറ്റ് കൊടുത്താണ് ഷാഫി ആശുപത്രിയിൽ പോയത്. നടന്നു പോയ ഷാഫി വീൽ ചെയറിലാണ് വന്നത്. ഷാഫി പറമ്പിലിനെ കോൺഗ്രസ്‌ തിരുത്തണം. കെ മുരളീധരനോ മുല്ലപ്പള്ളിയോ ആയിരുന്നു എംപി എങ്കിൽ ഈ വിഷയം ഉണ്ടാവില്ലായിരുന്നു- എസ് കെ സജീഷ് പറഞ്ഞു.