മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലുള്ള തർക്കത്തിലും കോൺഗ്രസിലെ ഉൾപ്പോരിലും രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിൽ ഭരണസ്തംഭനമാണെന്നും അഴിമതിയും സംഘപരിവാർ പ്രീണനവുമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലുള്ള തർക്കത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ജനാധിപത്യത്തിന്റെ നല്ല സൗന്ദര്യം എന്നും എന്തിനാണ് പിന്നെ പരാതിയുമായി പോകുന്നതെന്നും എംവി ഗോവിന്ദൻ ചോദിച്ചു. സൗന്ദര്യം ആസ്വദിച്ചു നിന്നാൽ പോരെ. പരസ്പരം കഴുത്തിനു പിടിച്ചു എത്ര നാൾ പോകും?. സൈബർ ആക്രമണം മുഴുവൻ കെ സി പക്ഷത്തിനെതിരെയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കേരളം ഭരിക്കുന്നത് പവർ ഗ്രൂപ്പ് ആണ്. മന്ത്രിസഭയിലെ ഏറ്റുമുട്ടൽ മുഖ്യമന്ത്രി തന്നെ സമ്മതിച്ചു. കെപിസിസി പ്രസിഡന്റിനും വർക്കിങ് പ്രസിഡന്റിനും എതിരെ വ്യാപക സൈബർ ആക്രമണമാണ് നടക്കുന്നത്. കോൺഗ്രസ് രണ്ട് വിഭാഗമായി പിരിഞ്ഞിരിക്കുന്നു എന്നാണ് വാർത്ത. കെസി -വിഡി പക്ഷം എന്നിങ്ങനെ പിരിഞ്ഞു. കേരളത്തിൽ ഭരണസ്തംഭനമാണ്. ആറ് മാസം കൊണ്ട് ഇങ്ങനെയായി. ഉദ്യോഗസ്ഥർക്ക് വിശ്വാസം ഇല്ലാതാവും. പരസ്പരം അവിശ്വാസമുള്ള മന്ത്രിസഭ. കേരളത്തെ പതിറ്റാണ്ടുകൾ പിന്നോട്ട് കൊണ്ടുപോകും. മുഖ്യമന്ത്രി തന്നെ ഹൈക്കമാൻ്റിലേക്ക് ഘോഷയാത്ര നടത്തുന്ന സ്ഥിതി പരാതിയുമായി. രാഹുൽ ഗാന്ധിയുടെ പോസ്റ്റുകൾ നീക്കം ചെയ്യുന്നു എന്നു പറഞ്ഞു മെറ്റ ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി. കേരളത്തിൽ എന്താണ് നടക്കുന്നത്. സർക്കാർ സംവിധാനം ഉപയോഗിച്ച് എതിരാളികളുടെ പോസ്റ്റുകൾ നീക്കം ചെയ്യുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കോൺഗ്രസ് -ബിജെപി ബന്ധം ഒരു മാപ്പ് കൊണ്ട് തീരാവുന്നതാണ്. അങ്ങോട്ടും ഇങ്ങോട്ടും പോകാൻ അവർക്ക് യാതൊരു പ്രയാസവും ഇല്ല. പിഎം ശ്രീ ഒപ്പിടൽ അടഞ്ഞ അധ്യായമാണ്. ശിവൻ കുട്ടിയുടെ അഭിപ്രായം തള്ളുന്നുണ്ടോ? എന്ന ചോദ്യത്തിനും അടഞ്ഞ അധ്യായം എന്ന് പറഞ്ഞതിൽ എല്ലാം ഉണ്ടെന്നായിരുന്നു എംവി ഗോവിന്ദൻ്റെ പ്രതികരണം. വൈദ്യുതി കരാർ വിഇഎച്ച് ഇടപാട് മുഖ്യമന്ത്രി പറഞ്ഞത് കളവ് ആണ്. 12.55 രൂപക്കാണ് വാങ്ങിയത്. യഥാർത്ഥ വില മൂന്നു രൂപയാണ്. അഴിമതിയുടെ ഭാഗമാണ്. സംഘപരിവാർ ശക്തികൾക്ക് മുഴുവൻ സ്കൂളുകളിലും കയറാൻ സൗകര്യം ലഭിക്കുന്ന ഒന്നായിട്ട് വേണം മയിൽപീലി സ്കോളർഷിപ്പിനെ കാണാൻ. ആർഎസ്എസിന് കീഴടങ്ങിയതിനു ശേഷം പിൻവലിച്ചു എന്ന് മന്ത്രി പറയുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

















