തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തുടങ്ങും. പൊലീസിനും ഡിജിപിക്കും എതിരെ സിഎജിയുടെ കണ്ടെത്തൽ വിവാദമായിരിക്കെ ഇത് സംബന്ധിച്ച ചർച്ചകൾ യോഗത്തിൽ ഉയരും. സിഎജി കണ്ടെത്തൽ രാഷ്ട്രീയപ്രേരിതമാണെന്ന നിലപാടിലുറച്ച്, ഇതിലുള്ളതെല്ലാം യുഡിഎഫ് കാലത്തെ വീഴ്ചയെന്ന് ഉയർത്തിക്കാട്ടി വിവാദം ചെറുക്കാനാണ് സിപിഎം പദ്ധതി. പൗരത്വ നിയമത്തിനെതിരായി നടന്ന പ്രതിഷേധങ്ങളുടെ അവലോകനവും തുടർ സമരങ്ങളും ചർച്ചയാകും. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കമാണ് മറ്റൊരു പ്രധാന അജണ്ട.

സിഎജി പുറത്തുവിട്ട റിപ്പോർട്ട് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും, പൊലീസിനും തന്നെ വലിയ തലവേദനയായ സാഹചര്യത്തിലാണ് ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തന്നെ വിഷയം അടിയന്തരമായി ചർച്ച ചെയ്തത്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതൊഴികെ ബാക്കിയെല്ലാ കേസുകളും യുഡിഎഫ് കാലത്തുണ്ടായതാണ്. അതിന് മറുപടി പറയേണ്ടതും യുഡിഎഫാണ് എന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. 

കൃത്യമായി രാഷ്ട്രീയയലക്ഷ്യത്തോടെ, മുഖ്യമന്ത്രിക്കെതിരെ വരുന്ന ആരോപണങ്ങൾ അവഗണിച്ച് മുന്നോട്ട് പോകാനാണ് അതിനാൽ സിപിഎം തീരുമാനിക്കുന്നത്. ഇതേ തരത്തിലുള്ള ആരോപണങ്ങളെ മുഖ്യമന്ത്രി തന്നെ നേരിടുമെന്നും, മറുപടി നൽകുമെന്നും സിപിഎം തീരുമാനിച്ചു. സിപിഎമ്മിന്‍റെ മറ്റ് നേതാക്കളാരും ഇതിൽ പ്രതികരണം നടത്തിയിട്ടില്ല, നടത്തേണ്ടതുമില്ല എന്നാണ് തീരുമാനം. 

സിഎജിയെ സംശയനിഴലിലാക്കി വെടിപൊട്ടിച്ച് ചീഫ് സെക്രട്ടറി

ഒരു സിഎജി റിപ്പോർട്ടിന്‍റെ പേരിൽ സർക്കാരിനായി ചീഫ് സെക്രട്ടറി വിശദീകരണമിറക്കിയത് തീർത്തും അസാധാരണമായ നടപടിയായിരുന്നു. സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ വാർത്താ സമ്മേളനം നടത്തി വെളിപ്പെടുത്തുന്നത് അതിലും അസാധാരണ നടപടിയല്ലേ എന്ന പ്രതിരോധമുയർത്തിയാകും സർക്കാരും പാർട്ടിയും ഇതിനെ നേരിടുക. 

പൊലീസിലെ ഗുരുതരക്രമക്കേടുകൾ സിഎജി എണ്ണിപ്പറഞ്ഞിട്ടും മുഖ്യമന്ത്രി കാര്യമായി പ്രതികരിച്ചിരുന്നില്ല. അത് വലിയ ചർച്ചയാകുന്നതിനിടെയാണ് സിഎജിയെ തന്നെ സംശയത്തിന്‍റെ നിഴലിലാക്കിക്കൊണ്ടുള്ള ചീഫ് സെക്രട്ടറിയുടെ വിശദീകരണം. സിഎജി റിപ്പോർട്ട് നിയമസഭയിൽ വെക്കുന്നതിന്‍റെ തലേ ദിവസം പി ടി തോമസ് റിപ്പോർട്ടിലെ കണ്ടെത്തലിന് സമാനമായ ചില ആരോപണങ്ങൾ സഭയിൽ ഉന്നയിച്ചതാണ് സർക്കാർ ആയുധമാക്കുന്നത്.

റിപ്പോർട്ട് സഭയിൽ വെക്കും മുമ്പ് പകർപ്പ് യുഡിഎഫ് കേന്ദ്രങ്ങളിൽ എത്തിച്ചെന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനി റിപ്പോർട്ടിൽ ആരോപിക്കുന്നുണ്ട്. സമാനനിലയിലാണ് ചീഫ് സെക്രട്ടറിയുടെയും വിശദീകരണം. ഒരു ഉദ്യോഗസ്ഥൻെ നൽകുന്ന മറുപടിക്കപ്പുറത്തേക്ക് വിശദീകരണത്തിലെ രാഷ്ട്രീയവും ആക്ഷേപവും വരും ദിനങ്ങളിൽ വലിയ ചർച്ചയാകും.

സിഎജി റിപ്പോർട്ടിന്‍റെ പേരിൽ പ്രതിക്കൂട്ടിലായ ഡിജിപിയെയും ചീഫ് സെക്രട്ടറിയുടെ വിശദീകരണത്തിൽ പൂർണ്ണമായും സംരക്ഷിക്കുന്നു. ഉദ്യോഗസ്ഥനെ വ്യക്തിഹത്യ ചെയ്യുന്നത് നല്ല കീഴ്‍വഴക്കമല്ലെന്ന വിമർശനം വാർത്താസമ്മേളനത്തിൽ പൊലീസ് മേധാവിയുടെ പേര് പറഞ്ഞ എജിക്കുള്ള കുറ്റപ്പെടുത്തലാണ്. യുഡിഎഫ് സർക്കാറിന്‍റെ കാലത്തെ ഇടപാടുകളും സിഎജി റിപ്പോർട്ടിലുണ്ടെന്നും വിശദീകരണം എടുത്തു പറയുന്നു. വിവിധ വകുപ്പുകൾ പബ്ളിക് അക്കൗണ്ട്ഡസ് കമ്മിറ്റിക്ക് മുമ്പാകെ മറുപടി പറയുമെന്ന് വിശദീകരിക്കുമ്പോഴും നിലവിൽ സർക്കാർ അന്വേഷണം പ്രഖ്യാപിക്കില്ലെന്ന സൂചനയും ചീഫ് സെക്രട്ടറി നൽകുന്നു. ഡിജിപി വാങ്ങിയ വാഹനം ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും ചീഫ് സെക്രട്ടറി വിശദീകരിക്കുന്നു. 

Read more at: സിപിഎമ്മിന്‍റെ തന്ത്രപരമായ മൗനത്തിനിടക്ക് വെടിപൊട്ടിച്ച് ചീഫ് സെക്രട്ടറി; നടപടി അസാധാരണം