പ്രതിനിധി സമ്മേളന വേദിയായ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നിന്നും തുറന്ന ജീപ്പില്‍ അഭിവാദ്യം സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രകാശ് കാരാട്ടും എം.വി ഗോവിന്ദനും.

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖയിലെ വിവാദ നിര്‍ദ്ദേശങ്ങള്‍ പൊതുസമ്മേളനത്തിലും ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്നോട്ട് പോകാന്‍ വിഭവ സമാഹരണം ആവശ്യമാണെന്നും എന്നാല്‍ നാടിന്‍റെ താല്‍പര്യം ഹനിക്കുന്ന ഒരു നിക്ഷേപവും സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊല്ലത്തെ ചെങ്കടലാക്കിയ മഹാറാലിയോടെയാണ് സമ്മേളനം സമാപിച്ചത്.

പ്രതിനിധി സമ്മേളന വേദിയായ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നിന്നും തുറന്ന ജീപ്പില്‍ അഭിവാദ്യം സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രകാശ് കാരാട്ടും എം.വി ഗോവിന്ദനും. ചെങ്കടലായി ഇരമ്പിയ റെഡ് വോളന്‍റിയര്‍ മാര്‍ച്ചില്‍ നഗരം അക്ഷരാര്‍ത്ഥത്തില്‍ ചുവന്നു.

നാലിടങ്ങളില്‍ നിന്ന് തുടങ്ങിയ റാലി പൊതുസമ്മേളന വേദിയായ ആശ്രാമത്തെ സീതാറാം യെച്ചൂരി നഗറില്‍ സംഗമിച്ചു. പൊളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് പ്രസംഗം തുടങ്ങിയ മുഖ്യമന്ത്രി സ്വകാര്യ നിക്ഷേപം സംബന്ധിച്ച നയരേഖയിലെ നിര്‍ദ്ദേശങ്ങള്‍ ആവര്‍ത്തിച്ചു. നാടിന് ദോഷകരമല്ലാത്ത നിക്ഷേപങ്ങള്‍ സ്വീകരിക്കും.

മൂന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ഉണ്ടാകുമെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മൂന്ന് പതിറ്റാണ്ടിന് ശേഷം കൊല്ലം ആതിഥേയത്വം വഹിച്ച സംസ്ഥാന സമ്മേളനത്തിന് പ്രൗഢിയോടെയാണ് കൊടിയിറക്കം.

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates