Asianet News MalayalamAsianet News Malayalam

കൊല്ലം ചിതറയിലെ ബഷീറിന്‍റെ കൊലപാതകം കോൺഗ്രസിന്‍റെ പകവീട്ടലെന്ന് കോടിയേരി

കൊല്ലം ചിതറയിലെ സിപിഎം പ്രവർത്തകൻ എംഎ ബഷീറിന്‍റെ കൊലപാതകം കോൺഗ്രസിന്‍റെ പകരം വീട്ടലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംഭവത്തിൽ യാതൊരു വിധത്തിലുള്ള തിരിച്ചടിയും ഉണ്ടാകരുതെന്നും സിപിഎം പ്രവർത്തകർ സംയമനം പാലിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

CPM state secratary Kodiyeri Balakrishnan says CPM worker Basheer murder in Kollam Chithara is revenge of congress
Author
Chithara, First Published Mar 3, 2019, 11:10 AM IST

കൊല്ലം : കൊല്ലം ചിതറയിലെ സിപിഎം പ്രവർത്തകൻ എം എ ബഷീറിന്‍റെ കൊലപാതകം കോൺഗ്രസിന്‍റെ പകരം വീട്ടലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ  കൊല്ലപ്പെട്ട സംഭവം ദുഃഖകരവും പ്രതിഷേധാർഹവുമാണ്. ആ സംഭവത്തെ സിപിഎം തള്ളിക്കളഞ്ഞിരുന്നുവെന്നും അതിലെ ആരോപണവിധേയനെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തുവെന്ന് കോടിയേരി ദില്ലിയിൽ പറഞ്ഞു. എന്നാൽ തിരിച്ചടി ഉണ്ടാകുമെന്നായിരുന്നു കോൺഗ്രസ് അന്ന് പ്രതികരിച്ചത്. ആ തിരിച്ചടി കൊല്ലം ചിതറയിൽ കോൺഗ്രസ് നടപ്പാക്കിയിരിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

സംഭവത്തിൽ യാതൊരു വിധത്തിലുള്ള തിരിച്ചടിയും ഉണ്ടാകരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പാർട്ടി പ്രവർത്തകരോട് പറഞ്ഞു. സിപിഎം പ്രവർത്തകർ സംയമനം പാലിക്കണം. കൊലയ്ക്ക് പകരം കൊല എന്നത് സിപിഎമ്മിന്‍റെ നയമല്ല. പ്രദേശത്തെ സമാധാനം പുനഃസ്ഥാപിക്കാൻ സിപിഎം പ്രവർത്തകർ കന്നെ മുൻകൈ എടുക്കണമെന്നും സംസ്ഥാനത്തിന്‍റെ ഒരു ഭാഗത്തും ഈ സംഭവത്തിന്‍റെ പേരിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കോടിയേരി പറഞ്ഞു.

കൊല്ലം  ജില്ലയിൽ അടുത്തിടെ കോൺഗ്രസ് നടത്തുന്ന രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകമാണ് ബഷീറിന്‍റേതെന്ന് കോടിയേരി പറഞ്ഞു. ഡിസംബർ 29 ന് കൊട്ടാരക്കരയക്ക് അടുത്തുള്ള പവിത്രേശ്വരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി ദേവദത്തനെ കോൺഗ്രസ് കൊലപ്പെടുത്തിയിരുന്നു. കോൺഗ്രസിനുവേണ്ടി പ്രവർത്തിക്കുന്ന കൊലയാളിസംഘങ്ങൾ തന്നെ കൊല്ലം ജില്ലയിലുണ്ടെന്നും കോടിയേരി ആരോപിച്ചു.

ചിതറ സ്വദേശിയായ എം എ ബഷീറിന്‍റെ കൊലപാതകത്തിൽ കോൺഗ്രസ് പ്രവർത്തകനായ ഷാജഹാൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എഴുപതുകാരനായ ബഷീറിന്‍റെ ശരീരത്തിൽ ഒമ്പത് കുത്തുകൾ ഏറ്റുവെന്നാണ് വിവരം. കൊല നടത്തിയ ഷാജഹാൻ പ്രദേശത്തെ പ്രധാനഗുണ്ടയാണെന്നാണ് സിപിഎം ആരോപിക്കുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ രാഷ്ട്രീയ കൊലപാതകമെന്നാണ് സിപിഎമ്മിന്‍റെ ആരോപണം. കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊല്ലം ചിതറ പഞ്ചായത്തില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താൽ നടക്കുകകയാണ്.

Follow Us:
Download App:
  • android
  • ios