തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് ഇന്ന് ചേരും. ശബരിമല യുവതി പ്രവേശനം അനുവദിച്ചുള്ള 2018 സെപ്റ്റംബർ 28 ലെ വിധി സ്റ്റേ ചെയ്യാതെ വിശാലബെഞ്ചിന് വിട്ട സുപ്രീംകോടതിവിധിയിലെ സിപിഎമ്മും സർക്കാരും. ശബരിമലയിൽ യുവതികളെ കയറ്റാൻ പാർട്ടി മുൻ കൈയെടുക്കില്ലെന്ന സിപിഎം തെറ്റ് തിരുത്തൽ നയത്തിന് ശേഷം വന്ന പുതിയ വിധി സെക്രട്ടറിയറ്റ് ചർച്ച ചെയ്യും. മണ്ഡല കാലം തുടങ്ങാനിരിക്കെ ശബരിമല സംബന്ധിച്ച സർക്കാർ നീക്കങ്ങൾ മുഖ്യമന്ത്രി സെക്രട്ടറിയേറ്റിൽ വിശദീകരിക്കും. 

ഉപതെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ യുഡിഎഫിന്റെ സമ്പൂർണ്ണയോഗം ഇന്ന് തിരുവനന്തപുരത്ത് നെയ്യാർഡാമിൽ ചേരുന്നുണ്ട്. സ്ഥാനാർത്ഥി നിർണ്ണയത്തിലടക്കം വീഴ്ചയുണ്ടായെന്ന് കഴിഞ്ഞ യോഗത്തിൽ മുസ്ലീംലീഗ് വിമർശിച്ചിരുന്നു. നേതൃത്വത്തെ ചൊല്ലിയുള്ള കോൺഗ്രസിലെ തർക്കവും ഏകോപമില്ലായ്മയും പരാജയത്തിന് കാരണമായതായാണ് ലീഗിന്റെ വിമർശനം. മറ്റ് ഘടകകക്ഷികളും സമാനമായ വിമർശനമുന്നയിച്ചതോടെയാണ് യുഡിഎഫ് സമ്പൂർണ്ണയോഗം വിളിക്കാൻ തീരുമാനിച്ചത്. കേരളകോൺഗ്രസിലെ തർക്കവും യോഗം ചർച്ച ചെയ്യും. ശബരിമല വിധിയും ഒരു ദിവസത്തെ യോഗം ചർച്ച ചെയ്യും.