'പാർട്ടിക്ക് മുകളിൽ ആരും വളരില്ല', പിവി അൻവർ വിഷയത്തിൽ പ്രതികരിച്ച് എംവി ഗോവിന്ദൻ; 'പരിശോധിച്ച് മറുപടി പറയാം'
പൊലീസിനെ വിമർശിക്കാൻ പാടില്ല എന്ന നിലപാട് സി പി എമ്മിനില്ല. താനടക്കമുള്ളവർ പലപ്പോഴും പൊലീസിനെതിരെ വിമർശനം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ...
തിരുവനന്തപുരം: മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് ശശിധരനെതിരെ പി വി അന്‍വര്‍ എം എല്‍ എ ഉയർത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത്. പി വി അൻവർ, എസ് പി ഓഫീസിന് മുന്നിൽ നടത്തിയ സമരമടക്കമുള്ള വിഷയത്തിൽ സമയമെടുത്ത് പരിശോധിച്ച് നിലപാട് പറയാമെന്നാണ് എം വി ഗോവിന്ദൻ തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. അൻവർ പാർട്ടിക്ക് മുകളിൽ വളരുന്നോയെന്ന ചോദ്യത്തിനും സി പി എം സംസ്ഥാന സെക്രട്ടറി മറുപടി നൽകി. 'പാർട്ടിക്ക് മുകളിൽ ആരും വളരില്ല' എന്നായിരുന്നു എം വി ഗോവിന്ദന്‍റെ മറുപടി.
പൊലീസിനെ വിമർശിക്കാൻ പാടില്ല എന്ന നിലപാട് സി പി എമ്മിനില്ല. താനടക്കമുള്ളവർ പലപ്പോഴും പൊലീസിനെതിരെ വിമർശനം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ എല്ലാ വിമർശനങ്ങളും ആവശ്യത്തിനേ പാടുള്ളു എന്നും സി പി എം സംസ്ഥാന സെക്രട്ടറി വിവരിച്ചു.
അതേസമയം ഇന്നലെ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്‍റെ വസതിക്ക് മുന്നിൽ പി വി അൻവർ എം എൽ എ നടത്തിയ പ്രതിഷേധത്തിൽ സി പി എം കടുത്ത അതൃപ്തിയിലാണെന്നാണ് വ്യക്തമാകുന്നത്. ഇന്നലെ തന്നെ സി പി എം ജില്ലാ സെക്രട്ടറി അന്‍വറിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. അൻവറിന്‍റെ പ്രതിഷേധം പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാത്തിയെന്നാണ് സി പി എം ജില്ലാ നേതൃത്യം വിലയിരുത്തുന്നത്. എന്നാൽ തന്നെ സി പി എം ജില്ലാ സെക്രട്ടറി വിളിച്ച് വരുത്തിയതല്ലെന്നാണ് അൻവര്‍ വിശദീകരിച്ചത്. പാർട്ടി സമ്മേളനങ്ങൾ നടക്കുന്നുണ്ടെന്നും അതിന്റെ ചർച്ചയാണ് നടത്തിയതെന്നും എപ്പോഴും വരുന്ന സ്ഥലമാണെന്നുമായിരുന്നു അൻവർ പറഞ്ഞത്. പ്രതിഷേധത്തിന് പാർട്ടിയുടെ പിന്തുണ ഉണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഏത് പാർട്ടിയെന്ന മറുചോദ്യവും ഇന്നലെ അൻവർ എം എൽ എയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം