Asianet News MalayalamAsianet News Malayalam

കെ റെയിൽ വിരുദ്ധ നീക്കം, ബദൽ പ്രചാരണം ശക്തമാക്കാൻ സിപിഎം; ഇ പി ജയരാജൻ പുതിയ എൽഡിഎഫ് കണ്‍വീനർ?

പാർട്ടി സമ്മേളനങ്ങൾ പൂർത്തിയാകുമ്പോൾ ചെങ്ങന്നൂർ മോഡൽ കേരളമാകെ വ്യാപിപ്പിക്കാനാണ് സിപിഎം നീക്കം. എൽഡിഎഫ് എന്ന തലത്തിൽ ഭരണ കക്ഷികളെ ഒന്നിച്ചണിനിരത്തിയാകും യോഗങ്ങൾ. സിപിഐയിൽ അടക്കം ആശയക്കുഴപ്പങ്ങൾ തുടരുമ്പോഴാണ് പദ്ധതിക്കായി എൽഡിഎഫ് രംഗത്തിറങ്ങുന്നത്. 

cpm to strengthen campaign against  anti k  rail movement
Author
Thiruvananthapuram, First Published Apr 16, 2022, 6:32 AM IST

തിരുവനന്തപുരം: പാർട്ടി കോണ്‍ഗ്രസിന് പിന്നാലെ കെ റെയിൽ വിരുദ്ധ നീക്കങ്ങളെ ശക്തമായി നേരിടാൻ സിപിഎം. എപ്രിൽ 19ന് മുഖ്യമന്ത്രിയുടെ യോഗം മുതൽ പദ്ധതി ബാധിത പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഗൃഹ സന്ദർശനങ്ങളും യോഗങ്ങളും സംഘടിപ്പിക്കും. അടുത്തയാഴ്ച ചേരുന്ന സിപിഎം നേതൃയോഗത്തിൽ എൽഡിഎഫ് കണ്‍വീനർ,മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പദവികളിലും മാറ്റം പ്രതീക്ഷിക്കാം.

പാർട്ടി കോണ്‍ഗ്രസ് കഴിഞ്ഞ ശേഷം സിപിഎമ്മിന്‍റെ ഇനിയുള്ള ഫോക്കസ് കെ റെയിലിലാണ്. സർവെ കല്ലുകൾ പിഴുതെറിയുന്ന പ്രതിപക്ഷ സമരങ്ങൾ നടന്നപ്പോഴും പ്രശ്നങ്ങൾ ഒഴിവാക്കാൻ സിപിഎം അകലം പാലിച്ചിരുന്നു. കേരളത്തിൽ പാർട്ടി കോണ്‍ഗ്രസ് നടക്കുമ്പോൾ വിവാദം ഒഴിവാക്കുകയായിരുന്നു സിപിഎം പദ്ധതി. ചെങ്ങന്നൂർ അടക്കം ഒറ്റപ്പെട്ട ഇടങ്ങളിൽ മാത്രമാണ് പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കെ റെയിൽ അനുകൂല പ്രചാരണം നടന്നത്. പാർട്ടി സമ്മേളനങ്ങൾ പൂർത്തിയാകുമ്പോൾ ചെങ്ങന്നൂർ മോഡൽ കേരളമാകെ വ്യാപിപ്പിക്കാനാണ് സിപിഎം നീക്കം. എൽഡിഎഫ് എന്ന തലത്തിൽ ഭരണ കക്ഷികളെ ഒന്നിച്ചണിനിരത്തിയാകും യോഗങ്ങൾ. സിപിഐയിൽ അടക്കം ആശയക്കുഴപ്പങ്ങൾ തുടരുമ്പോഴാണ് പദ്ധതിക്കായി എൽഡിഎഫ് രംഗത്തിറങ്ങുന്നത്. വേളി മുതൽ കാസർകോട് വരെ കെറെയിൽ കടന്നു പോകുന്ന എല്ലാ ഇടങ്ങളിലും ഭൂമിയേറ്റെടുക്കലും നഷ്ടപരിഹാരവും വിശദീകരിച്ച് ഗൃഹ സന്ദർശനങ്ങൾ നടത്തും.

വരുന്ന തിങ്കൾ ചൊവ്വ ദിവസങ്ങളിലാണ് സിപിഎം നേതൃയോഗം തീരുമാനിച്ചിരിക്കുന്നത്. കെ റെയിലിൽ ഇനിയുള്ള പ്രചാരണങ്ങളും യോഗം ചർച്ചചെയ്യും. എ വിജയരാഘവൻ പൊളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ എൽഡിഎഫ് കണ്‍വീനർ പദവി ഒഴിയും. പൊളിറ്റ് ബ്യൂറോ അംഗമായിരിക്കെ വി എസ് അച്യുതാനന്ദൻ മുന്നണി കണ്‍വീനർ ആയി പ്രവർത്തിച്ച കീഴ്വഴക്കമുണ്ടെങ്കിലും എ.വിജയരാഘവന് ദില്ലിയിലെ ചുമതലകളാണ് തടസമാകുക. ഇ.പി.ജയരാജൻ എൽഡിഎഫ് കണ്‍വീനർ ആയേക്കും. എ.കെ ബാലന്‍റെ പേരും ചർച്ചയിലുണ്ട്. പുത്തലത്ത് ദിനേശനെ പ്രസിദ്ധീകരണങ്ങളുടെ ചുമതലയിലേക്ക് മാറ്റി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് പുതിയ നേതാവിനെ സിപിഎം ആലോചിക്കുന്നു.അങ്ങനെയെങ്കിൽ സംസ്ഥാന കമ്മിറ്റിയിലേക്ക് തിരിച്ചെത്തിയ പി.ശശി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തും. ഇഎംഎസ് അക്കാദമി,ദേശാഭിമാനി പത്രാധിപർ തുടങ്ങിയ ചുമതലകളിലും മാറ്റം വരും. എസ്എഫ്ഐ,ഡിവൈഎഫ്ഐ,മറ്റ് വർഗ ബഹുജന സംഘടനകളുടെ പുതിയ ചുമതലക്കാരെയും ഉടൻ നിശ്ചയിക്കും.

 

Follow Us:
Download App:
  • android
  • ios