തിരുവനന്തപുരം: ലൈഫ്മിഷനിലെ സിബിഐ അന്വേഷണത്തെ ചൊല്ലി രാഷ്ട്രീയവിവാദവും കൊഴുക്കുന്നു. ബിജെപിയെ കൂട്ട്പിടിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നുവെന്നാരോപിച്ച് സിപിഎം താഴെതട്ടില്‍ പ്രചാരണത്തിന് തയ്യാറാകുമ്പോൾ മറുതന്ത്രവുമായി പ്രതിപക്ഷവും രംഗത്ത് എത്തി. വര്‍ഗീയ ശക്തികളുമായി എന്നും കൂട്ടുകൂടിയിട്ടുള്ളത് സിപിഎമ്മാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രിയടക്കം സിപിഎം ഉന്നതര്‍ക്ക് കോഴ കിട്ടിയത് പുറത്ത് വരുമെന്ന പേടിയാണ് സിപിഎമ്മിനെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദനും ആരോപിച്ചു. 

എന്‍ഐഎ അടക്കം കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം മുറുക്കുന്നതിനിടെ ലൈഫ് മിഷനില്‍ സിബിഐ വന്നത് രാഷ്ട്രീയതീരുമാനമെന്ന് സിപിഎം ആരോപിച്ചിരുന്നു. ഇതിന് പിന്നില്‍ ബിജെപി-യുഡിഎഫ് ഒത്തുകളിയുണ്ടെന്നും സിപിഎം പരസ്യമായി പറഞ്ഞു. എന്ത് വന്നാലും ബിജെപിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നും ജീവന്‍മരണ പോരാട്ടത്തിന് തയ്യാറെന്നുമാണ് സിപിഎം നിലപാട്. തെരഞ്ഞെടുപ്പുകളില്‍ പോലും സിബിഐ അന്വേഷണം വിഷയമാക്കാന്‍ സിപിഎം തീരുമാനിച്ചതിന് പിന്നാലെയാണ് കെപിസിസി അധ്യക്ഷന്‍ സിപിഎം നിലപാട് ചോദ്യം ചെയ്യുന്നത്. . വര്‍ഗീയ ശക്തികളുമായി എന്നും കൂട്ടുകൂടിയിട്ടുള്ളത് സിപിഎമ്മാണെന്നാണ് മുല്ലപ്പള്ളിയുടെ ആരോപണം. 

മറക്കാനൊന്നുമില്ലെങ്കില്‍ സിപിഎം എന്തിനാണ് സിബിഐയെ പേടിക്കുന്നതെന്നാണ് ബിജെപിയുടെ ചോദ്യം, ലൈഫ് അഴിമതിയില്‍ ഉന്നതരുടെ പങ്ക് കെ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് സംസ്ഥാന സമിതി യോഗങ്ങള്‍ക്ക് ശേഷം സിപിഎം താഴെതട്ടിലേക്കുള്ള റിപ്പോര്‍ട്ടിംഗ് തുടങ്ങി. ബിജെപി-യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടെന്ന വിഷയത്തിനാണ് സിപിഎം പ്രാധാന്യം കൊടുക്കുന്നത്.

കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ സംസ്ഥാന ഭരണത്തിനെിതിരാണ്, യുഡിഎഫ് നേതാക്കള്‍ ബിജെപി പിന്തുണ തേടി പിണറായി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു ഇതാണ് സിപിഎം പറയുന്നത്. വിവിധ കേസുകളിലായുള്ള കേന്ദ്രഏജന്‍സികളുടെ അന്വേഷണത്തിനൊപ്പം രാഷ്ട്രീയ ആരോപണങ്ങളും വളരുമ്പോള്‍ വരുന്ന തെരഞ്ഞെടുപ്പുകളിലെ മുഖ്യവിഷയങ്ങളിലൊന്ന് ഈ അന്വേഷണങ്ങളായിരിക്കുമെന്ന് ഉറപ്പായിരിക്കുകായാണ്.