മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം

തിരുവനന്തപുരം: മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം. തനിക്കെതിരായ തെറ്റായ പ്രചാരണം വിശദീകരിക്കാനാണ് പരിപാടിയിൽ പങ്കെടുത്തതെന്നും വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സംസാരിച്ചത്, അമുസ്ലിം അംഗങ്ങളിലൂടെ ആർഎസ്എസുകാർ വഖഫ് ബോർഡിൽ എത്താമെന്നാണ് താൻ പറഞ്ഞതെന്നും ഉമർ ഫൈസി പറഞ്ഞു. കൂടാതെ, ബിജെപി നേതാവ് ഷോൺ ജോർജിന്‍റെ വാദങ്ങളെ സർക്കാർ എതിർത്തില്ലെന്നും മുനമ്പം വിഷയം മുൻ നിർത്തി വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം നടക്കുന്നുണ്ട്, ഭൂമി കയ്യേറിയവരെ ഇറക്കിവിടില്ലെന്ന് മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും പറയുന്നു, എന്നാല്‍ ആർഎസ്എസ്- കാസ നിലപാടുകളെ സർക്കാർ തള്ളുന്നില്ല. എന്നും അദ്ദേഹം പറഞ്ഞു. ഉമർ ഫൈസിക്കെതിരെ സമസ്തയിലെ ഒരുവിഭാഗം പരാതി നൽകിയിരുന്നു

ഉമർ ഫൈസിയുടെ വാദം

സിപിഐഎം മലപ്പുറത്ത് നടത്തിയ വഖ്ഫ് സെമിനാറിലെ എന്‍റെ പ്രസംഗത്തിന്‍റെ പേരില്‍ എനിക്കെതിരെ നടപടി ആവശ്യപ്പെട്ടവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ വാസ്തവ വിരുദ്ധവും അടിസ്ഥാന രഹിതവുമാണ്. മുനമ്പം വഖ്ഫ് ഭൂമി വിഷയത്തിലും, കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡുമായി ബന്ധപ്പെട്ടും, വഖ്ഫ് ബോര്‍ഡ് അംഗമായ എനിക്കെതിരെയും നടക്കുന്ന തെറ്റായ പ്രചരണങ്ങളുടെ യതാര്‍ത്ഥ വസ്തുതകള്‍ സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് വഖ്ഫ് ബോര്‍ഡ് അംഗമെന്ന നിലയില്‍ എന്റെ ബാധ്യത കൂടിയായത് കൊണ്ടാണ് പ്രസ്തുത പരിപാടിയില്‍ ഞാന്‍ സംബന്ധിച്ചത്. പ്രസ്തുത സെമിനാറില്‍ മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ഉള്‍പ്പെടെ വിവിധ സംഘടന പ്രതിനിധികളും സംബന്ധിച്ചിരുന്നു. വഖ്ഫ് ബോര്‍ഡുമായി ബന്ധപ്പെട്ട നിലവിലുള്ള ചില കാര്യങ്ങള്‍ വ്യക്തമാക്കുക മാത്രമാണ് പ്രസംഗത്തിലൂടെ ഞാന്‍ ചെയ്തത്.

ഹൈക്കോടതിയില്‍ ആര്‍എസ്എസിനും ബിജെപി നേതാവിനും അനുകൂലമായി സംസ്ഥാന സര്‍ക്കാര്‍ സ്റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്തപ്പോഴും സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ആര്‍എസ്എസിന് അനുകൂലമായി നിലപാട് സ്വീകരിച്ചപ്പോഴും മൗനം പാലിച്ചവരാണ് ഇപ്പോള്‍ തനിക്കെതിരെ പരാതിയുമായി രംഗത്തുവന്നിട്ടുള്ളത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് ഫയല്‍ ചെയ്ത ഹർജിയില്‍ വഖ്ഫ് ബോര്‍ഡ് കേരളത്തിന്റെ പൊതു ക്രമത്തിന് തടസ്സമാണെന്ന ആര്‍എസ്എസ് നിലപാട് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഹൈക്കോടതിയില്‍ നല്‍കിയ മറുപടിയില്‍ സര്‍ക്കാര്‍ ഈ വാദത്തെ തള്ളിക്കളയാതെ അംഗീകരിക്കുകയാണ് ചെയ്തത്.

മുനമ്പം വിഷയം മുന്‍നിര്‍ത്തി വഖ്ഫ് ബോര്‍ഡ് പിരിച്ചുവിടുമെന്ന ആര്‍എസ്എസ് വാദത്തിന് സര്‍ക്കാര്‍ അനുകൂല മറുപടി നല്‍കിയതായി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഫയല്‍ ചെയ്ത ഹർജിയിലെ തെളിവുരേഖയിലുണ്ട്. മുനമ്പത്തെ വഖ്ഫ് ഭൂമി കയ്യേറിയവരെ ഇറക്കിവിടില്ലെന്ന് വിഡി സതീശന്‍ ഉറപ്പു നല്‍കിയതായും, മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്കും ഇതേ നിലപാടാണെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഫയല്‍ ചെയ്ത ഹർജിയിലെ തെളിവുരേഖയിലുണ്ട്. ആര്‍എസ്എസിന്റേയും കാസയുടേയും നിലപാടുകളെ തള്ളിക്കളയാതെ പൂര്‍ണ്ണമായി അംഗീകരിക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്തത്.

ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജിന്റെ ഹരജിയിലെ മേല്‍പറഞ്ഞ നിലപാടുകള്‍ അംഗീകരിച്ച് കൊണ്ട് രണ്ട് അമുസ്‌ലിംകളെ വഖ്ഫ് ബോര്‍ഡില്‍ നിയമിക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതി മുമ്പാകെ നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടാല്‍, വഖ്ഫ് ബോര്‍ഡില്‍ നിയമിക്കപ്പെടുന്ന അമുസ്‌ലിംകള്‍ ആര്‍.എസ്.എസുകാരാകാനുള്ള സാധ്യതയാണ് ഞാന്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചത്. ഹൈക്കോടതി രേഖകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുന്നതാണ്.