യുഡിഎഫ് ഭരിക്കുന്ന കോഴിക്കോട് കാരശ്ശേരി ബാങ്കിൽ ഭരണം പിടിക്കാന്‍ വഴിവിട്ട നീക്കങ്ങളെന്ന് പരാതി..ബാങ്ക് ചെയർമാന്‍റെ പിന്തുണയോടെ ഭരണം പിടിക്കാനാണ് സിപിഎം നീക്കമെന്നാണ് യുഡിഎഫിന്‍റെ ആരോപണം
കോഴിക്കോട്: യുഡിഎഫ് ഭരിക്കുന്ന കോഴിക്കോട് കാരശ്ശേരി ബാങ്കിൽ ഭരണം പിടിക്കാന്‍ വഴിവിട്ട നീക്കങ്ങളെന്ന് പരാതി. സംഭവത്തെതുടര്‍ന്ന് ഭരണസമിതി മരവിപ്പിച്ചു. ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് നിയന്ത്രണത്തിലാക്കി. രാത്രിയിൽ ആരുമറിയാതെ 829 മെമ്പര്‍മാരെ ബാങ്കിൽ ചേര്‍ക്കാനുള്ള നീക്കം വിവാദമായിരുന്നു. ബാങ്ക് ചെയർമാന്‍റെ പിന്തുണയോടെ ഭരണം പിടിക്കാനാണ് സിപിഎം നീക്കമെന്നാണ് യുഡിഎഫിന്‍റെ ആരോപണം. കെപിസിസി അംഗം എൻകെ അബ്ദുറഹ്മാൻ ആണ് ബാങ്കിന്‍റെ ചെയര്‍മാൻ. മെമ്പര്‍മാരെ ചേര്‍ക്കാന്‍ തങ്ങളുടെ ഐഡിയും പാസ് വേഡും ദുരുപയോഗം ചെയ്തെന്നാണ് ജീവനക്കാരുടെ പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. യുഡിഎഫ് ഭരണസമിതിയിലെ ഒമ്പത് ഡയറക്ടർമാർ ഹൈക്കോടതിയെ സമീപിച്ചു. 500 കോടിയോളം നിക്ഷേപമുള്ള ബാങ്ക് ആണ് കാരശ്ശേരി സഹകരണ ബാങ്ക്. ബാങ്ക് ചെയർമാൻ കെപിസിസി അംഗം എൻ കെ അബ്ദു റഹ്മാനെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി ഇന്ന് റിപ്പോർട്ട് നൽകും. അതേസമയം, കെപിപിസി അംഗം എൻകെ അബ്‌ദുറഹ്മാനെതിരെ നടപടിയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. ഡിസിസി റിപ്പോര്‍ട്ട് പരിഗണിച്ച് കെപിസിസി നടപടിയെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എട്ടു ശാഖകളുള്ള മലബാറിലെ പ്രധാനപ്പെട്ട ബാങ്കുകളിലൊന്നാണ് കോഴിക്കോട് മുക്കം കാരശ്ശേരി സര്‍വീസ് സഹകരണ ബാങ്ക്. 721 മെമ്പര്‍മാരാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ചവരെ ബാങ്കിലുണ്ടായിരുന്നത്. ഇന്നലെ രാവിലെ ആകുമ്പോഴേക്കും മെമ്പര്‍മാരുടെ എണ്ണം 1600 ആയി. അവധി ദിവസത്തിൽ രാത്രിയിലടക്കം ജീവനക്കാരുടെ ഐഡിയും പാസ്‍വേര്‍ഡും ഉപയോഗിച്ച് 860ഓളം എ ക്ലാസ് മെമ്പര്‍മാരെ അനധികൃതമായി ചേര്‍ത്തുവെന്നാണ് സിപിഎമ്മിനെതിരെ യുഡിഎഫ് ആരോപിക്കുന്നത്. നിക്ഷേപങ്ങളെ പോലും ബാധിക്കുന്ന തരത്തിലുള്ള ഗുരുതരമായ കാര്യമാണ് നടന്നതെന്നും ചെയര്‍മാൻ തന്‍റെ സ്വന്തം ഇഷ്ടപ്രകാരം വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടിയെ വഞ്ചിച്ച് ബാങ്കിനെ സിപിഎമ്മിന് വിൽക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്നും യുഡിഎഫ് ആരോപിച്ചു.അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയതിനെതിരെ കോടതിയെ സമീപിക്കുമെന്നും കെപിസിസി മെമ്പര്‍ എൻകെ അബ്ദുറഹ്മാന്‍റെ നേതൃത്വത്തിൽ നടന്നത് ബാങ്ക് കച്ചവടമാണെന്നും പാര്‍ട്ടി നടപടിയെടുക്കുമെന്നും കോഴിക്കോട് ഡിസിസി അധ്യക്ഷൻ പറഞ്ഞു.


