ആലുവ: ആലുവയിൽ അനാഥ മൃതദേഹങ്ങൾ മറവു ചെയ്യുന്നതിനായുള്ള ശ്മശാനത്തിലെ സംസ്കാരം അശാസ്ത്രീയമെന്ന് ആരോപണം. മൃതദേഹങ്ങൾ മറവു ചെയ്ത കുഴിയിൽ നിറഞ്ഞ വെള്ളം യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെയാണ് ജീവനക്കാർ നീക്കം ചെയ്യുന്നത്. പ്രശ്നം അടിയന്തിരമായി പരിഹരിക്കുമെന്നാണ് നഗരസഭയുടെ വിശദീകരണം.

അനാഥ മൃതദേഹങ്ങൾ സംസ്കരിക്കാനായി ആലുവ നഗരസഭ ഒരുക്കിയ ശ്മശാനത്തിലെ കോൺക്രീറ്റ് കുഴികളിൽ നിന്ന് നഗരസഭ ശുചീകരണ തൊഴിലാളികൾ വെള്ളം കോരി കളയുന്ന ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്.  ശ്മശാനത്തിനറെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്.

സ്ട്രച്ചറിൽ ഇവിടേക്ക് മൃതദേഹം എത്തിക്കാൻ പാമ്പ് നിറഞ്ഞ  കാട് കടക്കണം.വലിയ കുഴികളുള്ള കോൺക്രീറ്റ് സ്ലാബുകൾക്കിടയിലൂടെ നിരങ്ങി നീങ്ങണം. ഒരു കുഴിയിൽ മൂന്ന് മൃതദേഹങ്ങൾ സംസ്കരിക്കാം. പക്ഷെ മഴക്കാലമായാൽ കോൺക്രീറ്റ് കുഴികളിൽ വെള്ളം നിറയും. അഴുകിയ മൃതദേഹത്തിനു മുകളിലെ വെള്ളം മുക്കി കളയേണ്ടി വരും.