പാലക്കാട്: ചെന്നൈയില്‍ മരിച്ചയാളുടെ മൃതദേഹം കൊവിഡ് പരിശോധന നടത്താതെ പാലക്കാട്ടെത്തിച്ച് സംസ്‌കരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. മരിച്ച വ്യക്തിയുടെ ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്കാരം നടത്തിയ ശ്മശാനം അടച്ചു. മൃതദേഹവുമായി വന്ന ആംബുലന്‍സ് എങ്ങനെ വാളയാര്‍ ചെക്ക് പോസ്റ്റ്‌ കടന്നു എന്നതും ദുരൂഹമാണ്.

കഴിഞ്ഞമാസ 22നാണ് ചെന്നൈയില്‍ ചായക്കട നടത്തിയിരുന്ന 52കാരന്‍ മരിച്ചത്. അന്നുതന്നെ വാളയാര്‍ വഴി മൃതദേഹം രാത്രി പതിനൊന്നരയോടെ വട്ടെക്കാട്ടിലെത്തിച്ച് സംസ്കരിക്കുകയായിരുന്നു. മകനും ഭാര്യയും ആംബുലന്‍സില്‍ ഒപ്പമുണ്ടായിരുന്നു. ഇങ്ങനെ മൃതദേഹം കൊണ്ടുവരുന്നതിന് ആരുടെ അനുമതിയാണ് ഉണ്ടായിരുന്നതെന്ന് ആർക്കും അറിയില്ല. എലവഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് മൃതദേഹം വീട്ടില്‍ കയറ്റാതെ ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. 

Read more: വന്ദേഭാരത് ദൗത്യം: മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം; കേരളത്തിലേക്ക് 76 സർവ്വീസുകൾ

അതിർത്തി കടന്നെത്തുന്നവർ 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്നിരിക്കെ സംസ്കാരത്തിന് ശേഷം പരേതന്റെ ഭാര്യ വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്തെ ബന്ധുവീട്ടിലേക്ക് പോയി. തുടർന്നാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ, എലവഞ്ചേരിയിലെ ശ്മശാനം അടച്ചു. സംസ്കാര സമയത്ത് ശ്മശാനത്തില്‍ ഉണ്ടായിരുന്ന 16 പേരെ നിരീക്ഷണത്തിലാക്കി. ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസുകാര്‍, ബന്ധുക്കള്‍,പഞ്ചായത്തംഗം, ആംബുലന്‍സ് ഡ്രൈവര്‍ തുടങ്ങിയവരാണ് നിരീക്ഷണത്തിലായത്. 

അനുമതിയില്ലാതെ മൃതദേഹം നാട്ടിലെത്തിയതും അനുഗമിച്ചവർ ക്വാറന്റീനിലേക്ക് പോവാതിരുന്നതും വൻ വീഴ്ചയായാണ് വിലയിരുത്തൽ. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല മെഡിക്കൽ ഓഫീസറോട് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. 

Read more: കൊവിഡ് രോഗികള്‍ 75 ലക്ഷത്തിനടുത്ത്; ബ്രസീലില്‍ ഞെട്ടിക്കുന്ന കണക്കുകള്‍