തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാത്തട്ടിപ്പ് കേസിൽ കഴിഞ്ഞ മൂന്നുവർഷത്തെ മുഴുവൻ റാങ്ക് ലിസ്റ്റുകളുടെയും നിയമനങ്ങളുടെയും പൂർണ വിവരങ്ങൾ വേണമെന്ന് ക്രൈംബ്രാഞ്ച്. മറ്റ് പരീക്ഷകളിലും സമാന തട്ടിപ്പ് നടന്നോ എന്നാണ് പരിശോധിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പിഎസ്‍സി സെക്രട്ടറിക്ക് കത്തയച്ചു.

പരീക്ഷാ തട്ടിപ്പിനെപ്പറ്റി സമഗ്ര അന്വേഷണം വേണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം. നടപടി വിവരങ്ങൾ പ്രോസിക്യൂഷൻ ഹൈക്കോടതിയേയും അറിയിക്കും.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടത്തിയ പരീക്ഷകളുടെയും റാങ്ക് ലിസ്റ്റുകളുടെയും നിയമനങ്ങളുടെയും വിശദാംശങ്ങൾ വേണമെന്നാണ് ക്രൈംബ്രാഞ്ച്  ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിലൂടെ സംശായാസ്പദമായ രീതിയിലുള്ള ആരെങ്കിലും കടന്ന് കൂടിയിട്ടുണ്ടോ, പ്രതികളുമായി ബന്ധമുള്ള മറ്റാരെങ്കിലും റാങ്ക് പട്ടികയിൽ കയറിയിട്ടുണ്ടോ എന്നീ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. 

കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യാപേക്ഷ തള്ളിയ നാലാംപ്രതി ഫയർമാൻ തസ്തികയിലെ റാങ്ക് പട്ടികയിൽ വിന്നിരുന്നുവെന്ന് നേരത്തെ തന്നെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഫോൺ ഉപയോ​ഗിച്ചുകൊണ്ടുള്ള തട്ടിപ്പ് ഇതാദ്യമായിരിക്കില്ല എന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് മുന്നോട്ട് പോകുന്നത്.

ഉത്തരക്കടലാസ് മുൻകൂട്ടി ചേർന്നിരുന്നോ എന്ന കാര്യത്തിൽ കൂടി വ്യക്തത വരാനുണ്ട്. ഇതിന്റെയും കൂടി പശ്ചാത്തലത്തിലാണ് കഴിഞ്ഞ മൂന്ന് വർഷത്തെ റാങ്ക് ലിസ്റ്റുകൾ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്.

പൊലീസുകാരൻ ഗോകുൽ കീഴടങ്ങി

അതേസമയം, കീഴടങ്ങിയ കേസിലെലെ മുഖ്യപ്രതിയും എസ്എപി ക്യാമ്പിലെ പൊലീസുകാരനുമായ ഗോകുലിനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം സിജെഎം കോടതിയിൽ അഞ്ചാംപ്രതിയായ ഗോകുല്‍ കീഴടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ. സെപ്തംബർ 16 വരെ ഗോകുലിനെ കോടതി റിമാൻഡ് ചെയ്തു. ഗോകുലിനെ കസ്റ്റഡിയില്‍ കിട്ടുന്നതിനായി ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കി. 

പിഎസ്‍സി നടത്തിയ കോൺസ്റ്റബിൾ പരീക്ഷയിൽ തട്ടിപ്പ് നടത്തിയതിന് യൂണിവേഴ്‍സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, പ്രണവ്, നസീം, സഫീർ, ഗോകുൽ എന്നിവരെ പ്രതികളാക്കി ഈ മാസം എട്ടിനാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.

പരീക്ഷ തുടങ്ങിയ ശേഷം യൂണിവേഴ്സിറ്റി കോളജിൽ നിന്നും ചോർന്നുകിട്ടിയ ഉത്തരക്കടലാസ് നോക്കി ഗോകുലും സഫീറും ചേർന്ന് ഉത്തരങ്ങള്‍ മറ്റ് മൂന്നു പേർക്കും എസ്എംഎസ് വഴി നൽകുകയായിരുന്നു. വിശ്വാസ വഞ്ചന, ക്രിമിനൽ കുറ്റം ചെയ്യാനുള്ള പ്രേരണ തുടങ്ങി പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്.