തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‍കറിന്‍റേയും മകളുടേയും മരണത്തിന് കാരണമായ വാഹനാപകടം നടക്കുമ്പോള്‍ കാറോടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനായിരുന്നുവെന്ന് ക്രൈം ബ്രാഞ്ച്. ശാസ്ത്രീയമായ തെളിവുകളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഈ നിഗമനത്തിലെത്തിയത്. അമിത വേഗതയിലോടിയ കാര്‍ നിയന്ത്രണം തെറ്റി മരത്തില്‍ ഇടിച്ചുണ്ടായ ഒരു വാഹനാപകടം മാത്രമാണ് സംഭവം എന്ന നിഗമനത്തിലേക്കാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. അപകടത്തില്‍ ബാഹ്യ ഇടപടലുകള്‍ ഉണ്ടായതായി കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് സാധിച്ചിട്ടില്ലെന്നാണ് സൂചന. 

അപകടത്തിന് ശേഷം കാറോടിച്ചത് ബാലഭാസ്‍കറാണെന്ന് ഡ്രൈവറായ അര്‍ജുനും ബാലഭാസ്‍കര്‍ പിറകിലെ സീറ്റിലായിരുന്നുവെന്ന് ഭാര്യയായ ലക്ഷമിയും പൊലീസിന് മൊഴി നല്‍കിയതോടെയാണ് അപകടത്തില്‍ ദുരൂഹത ശക്തമായത്. പൊലീസിനും ക്രൈംബ്രാഞ്ചിനും ഇതേ മൊഴി തന്നെ ഇരുവരും നല്‍കിയതോടെ സാക്ഷി മൊഴികളും ശാസ്ത്രീയമായ തെളിവുകളും വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും തേടിയ ക്രൈംബ്രാഞ്ച് ഒടുവില്‍ അര്‍ജുന്‍റെ മൊഴി കള്ളമാണെന്ന് കണ്ടെത്തുകയായിരുന്നു. 

അന്വേഷണത്തിന്‍റെ ഭാഗമായി അപകടം ക്രൈംബ്രാഞ്ച് പുനസൃഷ്ടിച്ചിരുന്നു. ഫോറന്‍സിക് തലവനേയും ഡോക്ടര്‍മാരേയും വച്ച് അപകടത്തിലുണ്ടായിരുന്നവര്‍ക്ക് പറ്റിയ മുറിവുകളും പരിക്കുകളും ക്രൈംബ്രാഞ്ച് വിശദമായി പരിശോധിപ്പിച്ചു. അര്‍ജുന്‍റെ തലയ്ക്കും കാലിനുമുണ്ടായ പരിക്കുകള്‍ സൂചിപ്പിക്കുന്നത് അപകടസമയത്ത് അര്‍ജുന്‍ ഡ്രൈവിംഗ് സീറ്റിലായിരുന്നുവെന്ന് ഡോക്ടര്‍മാരുടെ സംഘം ക്രൈംബ്രാഞ്ചിനെ അറിയിച്ചു. അപകടമുണ്ടായ വാഹനം പരിശോധിച്ച ഇന്നോവ കമ്പനിയില്‍ നിന്നുള്ള വിദഗ്ദ്ധസംഘവും സമാനമായ നിഗമനമാണ് ക്രൈം ബ്രാഞ്ചിനെ അറിയിച്ചത്.

തൃശ്ശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ കൊല്ലത്തെ ഒരു കടയില്‍ ജ്യൂസ് കുടിക്കുന്നതിനായി കാര്‍ നിര്‍ത്തിയിരുന്നു. അവിടെ നിന്നും യാത്ര വീണ്ടും തുടങ്ങുമ്പോള്‍ താന്‍ പിന്‍സീറ്റിലേക്ക് മാറിയെന്നും പിന്നീട് ബാലഭാസ്കര്‍ കാറോടിച്ചെന്നുമാണ് അര്‍ജുന്‍ നല്‍കിയ മൊഴി. എന്നാല്‍ ജ്യൂസ് കടയിലുണ്ടായിരുന്നവരുടെ മൊഴികള്‍ ശേഖരിച്ച ക്രൈംബ്രാഞ്ച് ഇതു തെറ്റാണെന്ന് കണ്ടെത്തി. 

വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജുനായിരുന്നുവെന്നും മകളുമായി ബാലഭാസ്കര്‍ പിന്നിലെ സീറ്റില്‍ കയറിയെന്നുമാണ് ക്രൈംബ്രാഞ്ചിന് കിട്ടിയ  സാക്ഷിമൊഴികള്‍. കൊല്ലത്ത് നിന്നും അപകടമുണ്ടാവും വരെയുള്ള സമയത്ത്  കാര്‍ എവിടെയും നിര്‍ത്തിയിട്ടില്ല. കാറോടിച്ചത് അര്‍ജുന്‍ തന്നെയാണെന്ന് ഉറപ്പിച്ച സ്ഥിതിക്ക് മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് അര്‍ജുനെതിരെ കേസെടുക്കാനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം. ഏതൊക്കെ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണം എന്ന കാര്യത്തില്‍ പക്ഷേ ഇനിയും തീരുമാനമായിട്ടില്ല.

അന്വേഷണം അവസാനഘട്ടത്തിലാണെന്നും കുറച്ചു പേരുടെ കൂടി മൊഴി രേഖപ്പെടുത്തി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ അറിയിക്കുന്നു. അതിനു മുന്‍പായി അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ ബാലഭാസ്‍കറിന്‍റെ കുടുംബത്തെ ധരിപ്പിക്കുമെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു. നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ബാലഭാസ്കറിന്‍റെ കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നത്.