ഇടുക്കി: ഇടുക്കി വാഴവരയിലെ എസ് ഐ യുടെ ആത്മഹത്യയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ആത്മഹത്യാകുറിപ്പിലെ ആരോപണങ്ങൾ ഉൾപ്പടെ എല്ലാ കാര്യങ്ങളും വിശദമായി അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ആന്‍റണി ഏഷ്യാനെറ്റ്‌ ന്യൂസിനോട്  പറഞ്ഞു. ബന്ധുക്കളുടെ മൊഴി എടുത്ത ക്രൈംബ്രാഞ്ച് പോലീസ് അക്കാദമിയിൽ അടക്കം എത്തി വരും ദിവസങ്ങളിൽ തെളിവെടുക്കും. തൃശ്ശൂർ പൊലീസ് അക്കാദമിയിലെ എസ്ഐ ആയ സി കെ അനിൽകുമാറിനെ ബുധനാഴ്‍ച ഉച്ചയ്ക്കാണ്  വാഴവരയിലെ വീട്ടുവളപ്പിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. 

മൃതദേഹത്തിൽ നിന്ന് കിട്ടിയ ആത്മഹത്യാക്കുറിപ്പിൽ സഹപ്രവർത്തകരായ നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത ആരോപണമാണുള്ളത് . എഎസ്ഐ രാധാകൃഷ്ണൻ, സിപിഒമാരായ നസീർ,സുരേഷ്, അനിൽ എന്നിവർ തന്നെ നിരന്തരം ദ്രോഹിച്ചിരുന്നു. രാധാകൃഷ്ണന്‍റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് അന്വേഷണം വേണമെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി അനിൽകുമാർ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ഇതേ അക്കാദമിയിലെ പൊലീസുകാരി കൂടിയായ ഭാര്യ പ്രിയ പറഞ്ഞു.