31 വർഷത്തെ സർവ്വീസ് ജീവിതത്തിലുണ്ടായ അനുഭവങ്ങളാണ് ഡിജിപി ജേക്കബ് തോമസ് 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന പുസ്തകത്തിൽ വിവരിക്കുന്നത്.

തിരുവനന്തപുരം: സർക്കാർ അനുമതിയില്ലാതെ പുസ്തകമെഴുതിയെന്നും പുസ്തകത്തിലൂടെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്നും കാണിച്ച് ഡിജിപി ജേക്കബ് തോമസിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുക്കും.

'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന പുസ്തകത്തിലൂടെ ജേക്കബ് തോമസ് ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്ന് അന്വേഷണ സമിതി കണ്ടെത്തിയിരുന്നു.

അന്വേഷണ സമിതിയുടെ ശുപാർശ അടങ്ങുന്ന ഫയൽ ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണ സമിതിയുടെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്.

31 വർഷത്തെ സർവ്വീസ് ജീവിതത്തിലുണ്ടായ അനുഭവങ്ങളാണ് ഡിജിപി ജേക്കബ് തോമസ് 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന പുസ്തകത്തിൽ വിവരിക്കുന്നത്.

ഉമ്മൻചാണ്ടി, ആര്‍ ബാലകൃഷ്ണപിള്ള, സി ദിവാകരൻ തുടങ്ങി നിരവധി പ്രമുഖ നേതാക്കൾക്കെതിരെ നിശിത വിമർശനം ഉന്നയിച്ച പുസ്തകം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അനുവാദമില്ലാതെ പുസ്തകമെഴുതിയതിന് ഇടത് സ‍ർക്കാർ ജേക്കബ് തോസമിനെ സസ്പെൻഡ് ചെയ്തിരുന്നു‍.

തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതില്‍ അഴിമതി ഉണ്ടെന്ന് കാണിച്ച് ജേക്കബ് തോമസിനെതിരെ അഴിമതി കേസും നിലവിലുണ്ട്. കേസിൽ വിജിലൻസ് കമ്മീഷൻ കോടതിയിൽ എഫ് ഐ ആർ സമര്‍പ്പിച്ചിരിക്കുകയാണ്.

ചാലക്കുടി മണ്ഡലത്തിൽ നിന്ന് ട്വന്‍റി 20 മുന്നണിയുടെ സ്ഥാനാർഥിയായി ജേക്കബ് തോമസ് മത്സരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ജേക്കബ് തോമസിന്‍റെ രാജി രാജി സർക്കാർ സ്വീകരിക്കാത്ത സാഹചര്യത്തിൽ മത്സരത്തിൽ നിന്നും ജേക്കബ് തോമസ് പിൻമാറിയിരുന്നു