കണ്ണൂര്‍: പാനൂര്‍ മൻസൂർ വധക്കേസിലെ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച് ഇന്ന് അപേക്ഷ സമർപ്പിക്കും. കൂടുതൽ ചോദ്യം ചെയ്യാൻ ഉണ്ടെന്നും തെളിവെടുപ്പ് നടത്തണമെന്നും ചൂണ്ടിക്കാണിച്ചാണ് കസ്റ്റഡി അപേക്ഷ സമർപ്പിക്കുക. ഏഴു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനാണ് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകുക.

കേസിൽ മുഖ്യ പ്രതിയടക്കം രണ്ട് സിപിഎം പ്രവർത്തക‍ർ കൂടി ഇന്നലെ അറസ്റ്റിലായിരുന്നു. മൻസൂറിനെ ബോംബെറിഞ്ഞ വിപിൻ, മൂന്നാം പ്രതി സംഗീത് എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. പുല്ലൂക്കര സ്വദേശികളായ ഇവർ മോന്താൽ പാലത്തിന് സമീപത്ത് ഒളിവിൽ കഴിയുകയായിരുന്നു. കേസില്‍ ഏഴുപേരാണ് ഇതുവരെ അറസ്റ്റിലായത്. കേസിൽ പ്രതികളായ സിപിഎം കൊച്ചിയങ്ങാടി ബ്രാഞ്ച് സെക്രട്ടറി ശശി, ഡിവൈഎഫ്ഐ പാനൂർ മേഖല ട്രഷറർ സുഹൈൽ,  പെരിങ്ങളം ലോക്കൽ കമ്മറ്റി അംഗം ജാബിർ എന്നിവർ ഒളിവിലാണ്.