വൻ വിജയത്തിന് ശേഷവും കോൺഗ്രസിൽ മുഖ്യമന്ത്രിയെ ചൊല്ലി പ്രതിസന്ധി രൂക്ഷമാണ്. ഗ്രൂപ്പുകൾക്കും സാമുദായിക സംഘടനകൾക്കും അതീതമായ വി.ഡി സതീശന്റെ നിലപാടുകളെ കോൺഗ്രസിലെ നേതാക്കളടക്കം ഭയക്കുന്നതെന്തുകൊണ്ടാണെന്ന് രാഷ്ട്രീയ നിരീക്ഷകനായ ജി.ആർ സന്തോഷ് കുമാർ വിശദീകരിക്കുന്നു.  

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ദിവസങ്ങൾ കഴിയുമ്പോഴും കോൺഗ്രസിൽ മുഖ്യമന്ത്രി ചര്‍ച്ചകൾ എങ്ങുമെത്താതെ നിൽക്കുകയാണ്. മുഖ്യമന്ത്രി തര്‍ക്കം പരസ്യമായ വിഴുപ്പലക്കലായി മാറിയിരിക്കുകയാണ് കോൺഗ്രസിൽ. പ്രകടനങ്ങളും ഫ്ലക്സുകളുമെല്ലാം ആയി പ്രതിഷേധം റോഡിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടുകഴിഞ്ഞു. 102 സീറ്റിന്റെ മൃഗീയ ഭൂരിപക്ഷത്തിൽ ജയിച്ചുവന്നിട്ടും മുഖ്യമന്ത്രി കസേരയുടെ പേരിൽ കടുത്ത പ്രതിസന്ധയിലൂടെ കടന്നുപോവുകയാണ് കോൺഗ്രസ്. ഇതിനിടെ നിരവധി രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായവും വിലയിരുത്തലുകളും പങ്കുവയ്ക്കുന്നുണ്ട്. അത്തരത്തിൽ, കാര്‍ട്ടൂണിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമായി ജിആര്‍ സന്തോഷ് കുമാര്‍ പങ്കുവച്ച ഒരു കുറിപ്പ് ഏറെ ശ്രദ്ധ നേടുകയാണ്. കോൺഗ്രസിന്റെ വിജയവും ഗ്രൂപ്പിനപ്പുറത്തുള്ള സതീശനെ എന്തുകൊണ്ട് കോൺഗ്രസിൽ തന്നെ നേതാക്കൾ ഭയക്കുന്നുവെന്നും, സാമുദായിക സമവാക്യങ്ങളെ വിടാതെയുള്ള ഗ്രൂപ്പ് രാഷ്രട്രീയവും വിഡിയുടെ നിലപാടുകളെ ഭയക്കുന്നുവെന്നും വിശദീകരിക്കുന്നതാണ് സന്തോഷ് കുമാറിന്റെ കുറിപ്പ്.

Add Asianetnews as a Preferred SourcegooglePreferred

കുറിപ്പിങ്ങനെ….

എല്ലാവരും ഒരു വരൾച്ച ആഗ്രഹിക്കുന്നു. 'എല്ലാവരും ഒരു നല്ല വരൾച്ചയെ സ്നേഹിക്കുന്നു' (Everybody Loves A Good Drought) എന്നത് പി. സായിനാഥിൻ്റെ പുസ്തകമാണ്. വരൾച്ച ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും ഉദ്യോഗസ്ഥർക്കും ഇടനിലക്കാർക്കും സമ്പന്നർക്കും ഗുണകരമാണ്. കോൺഗ്രസിന്റെ സ്ഥിതിയും അതുപോലെയായോ എന്ന് സംശയം. അല്പം വരൾച്ചയൊക്കെ നേരിട്ട് 75-80 സീറ്റിൽ ജയിച്ചാൽ മതിയായിരുന്നു എന്നാണോ കോൺഗ്രസ്സ് ഗ്രൂപ്പുകൾ, ഹൈക്കമാൻഡ് പോലും ഇപ്പോൾ ആലോചിക്കുന്നത്? എങ്കിൽ ഗ്രൂപ്പുകൾക്കും സാമുദായിക സംഘടനകൾക്കും യഥേഷ്ടം വിഹരിക്കാൻ ഒരവസരം ഉണ്ടാകുമായിരുന്നു.

ഇതിപ്പോൾ 100+ എല്ലാവർക്കും ഒരു അസൗകര്യമായി മാറിയിരിക്കുന്നു. ജനങ്ങൾ ഒന്നടങ്കം സതീശൻ നേതൃത്വം നൽകുന്ന ടീം കോൺഗ്രസിന്റെ പിന്നിൽ അണിനിരന്നിരിക്കുയാണ്. സാധാരണഗതിയിൽ ആരാണ് മുഖ്യമന്ത്രിയാകേണ്ടത് എന്ന കാര്യത്തിൽ തർക്കം ഉണ്ടാകേണ്ട കാര്യമില്ല. ടീം കോൺഗ്രസിനെ നയിച്ച പ്രതിപക്ഷ നേതാവായിരുന്ന സതീശൻ തന്നെ മുഖ്യമന്ത്രിയാവണം. പക്ഷേ (ടീം കോൺഗ്രസിനെ/യു.ഡി.എഫിനെ തെരഞ്ഞെടുത്ത ജനങ്ങൾ ഒഴികെ) എല്ലാവരും ഗ്രൂപ്പുകളുള്ള കോൺഗ്രസിനെ ആഗ്രഹിക്കുന്നു എന്നതാണ് പ്രശ്നം.

എന്തുകൊണ്ട്? ഉത്തരം ലളിതമാണ്. ഗ്രൂപ്പുകൾ ഉള്ള കോൺഗ്രസിനെ കൈകാര്യം ചെയ്യാൻ എളുപ്പമാണ്. സാമുദായിക സംഘടനകൾക്ക് മാത്രമല്ല, നിക്ഷേപകർക്കും രാഷ്ട്രീയ ദല്ലാന്മാർക്കും മാത്രമല്ല, ഇടതുപക്ഷ (എൽ.ഡി.എഫ്) ത്തിനും ഹൈക്കമാന്റിനു പോലും. സതീശനും സതീശന്റെ ടീം കോൺഗ്രസും പോസ്റ്റ്-ഗ്രൂപ്പ് കോൺഗ്രസ്സാണ്. എൻ.എസ്.എസും എസ്.എൻ.ഡി.പിയും അവരുടെ റഡാറിൽ ഇല്ല. ഒരു ഗ്രൂപ്പ് ലീഡർ മുഖ്യമന്ത്രിയാവുന്നതാണ് ഇടതുപക്ഷത്തിനും പ്രിയം. എന്തെന്നാൽ, തങ്ങളുടെ യഥാർത്ഥ രാഷ്ട്രീയ ശത്രു സതീശൻ ആണെന്ന് ഇടതുപക്ഷം എത്രയോ നേരത്തെ തിരിച്ചറിഞ്ഞു കഴിഞ്ഞതാണ്. സതീശൻ നുണയനാണ് എന്ന ക്യാമ്പയിൻ ഈ തിരിച്ചറിവിൽ നിന്ന് ഉണ്ടായതാണ്.

എന്തുകൊണ്ട് സതീശനെ ഇടതുപക്ഷം തങ്ങളുടെ ശത്രുവായി കാണുന്നു? ഉത്തരം ഇതാണ്: സതീശൻ ഗവേണൻസിലേക്ക് രാഷ്ട്രീയത്തെ തിരിച്ചുകൊണ്ടുവരുന്നു. അധികാരം അരാഷ്ട്രീയതയെ പ്രണയിക്കുന്ന ഈ കാലത്ത് ഭരണത്തിലേക്ക് രാഷ്ട്രീയത്തെ കൊണ്ടുവരുന്ന സതീശനെ, മൂലധനനിക്ഷേപത്തിന് വേണ്ടി പ്രത്യശാസ്ത്രത്തെ ബലികഴിച്ച ഇടതുപക്ഷത്തിന് എങ്ങനെയാണ് ഉൾക്കൊള്ളാനാവുക! സതീശനെ അവർ ഭയക്കുന്നു. 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സി'നിടയിൽ അപ്രതീക്ഷിതമായ ചോദ്യങ്ങളുണ്ടാവാം എന്നതിനാൽ നിക്ഷേപകരും ഭയക്കുന്നു. സതീശൻ സാമുദായിക നേതാക്കളോട് സംസാരിക്കാതെ ജനങ്ങളോട് നേരിട്ട് സംസാരിക്കുന്നതിനാൽ അധികാരദല്ലാളന്മാരായി മാറി കഴിഞ്ഞിരിക്കുന്ന എൻ.എസ്.എസും എസ്.എൻ.ഡി.പിയും ഭയക്കുന്നു. ഭരണത്തിലും രാഷ്ട്രീയത്തിലും അക്കൗണ്ടബിലിറ്റിക്ക് വേണ്ടി നിൽക്കുന്നതിനാൽ കോൺഗ്രസ്സ് ഗ്രൂപ്പുകളും ഭയക്കുന്നു. ഇതേ കാരണങ്ങളാൽ സതീശൻ മുഖ്യമന്ത്രിയാവണമെന്ന് ജനങ്ങൾ ഒന്നടങ്കം ആഗ്രഹിക്കുകയും ചെയ്യുന്നു.