Asianet News MalayalamAsianet News Malayalam

ലൈഫ് പദ്ധതിയിൽ പ്രതിസന്ധി; സര്‍ക്കാര്‍ വിഹിതം നല്‍കുന്നില്ല, കാത്തിരിക്കുന്നത് 5 ലക്ഷത്തോളെ കുടുംബങ്ങള്‍

സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാത്തതിനാല്‍ ഗുണഭോക്താക്കളുമായി കരാര്‍ വയ്ക്കാനോ അഡ്വാന്‍സ് അനുവദിക്കാനോ പഞ്ചായത്തുകള്‍ക്കോ നഗരസഭകള്‍ക്കോ കഴിഞ്ഞിട്ടില്ല. അഞ്ച് ലക്ഷത്തോളം കുടുംബങ്ങളാണ് ലൈഫ് പദ്ധതി പ്രകാരം വീടിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നത്.

Crisis in life mission plan  5 lakh families are waiting for house
Author
First Published Nov 10, 2022, 9:37 AM IST

കോഴിക്കോട്: ലൈഫ് ഭവന പദ്ധതിയിൽ പ്രതിസന്ധി. ഗുണഭോക്താക്കളുടെ പുതിയ പട്ടിക പ്രസിദ്ധീകരിച്ച് രണ്ട് മാസം പിന്നിട്ടിട്ടും സംസ്ഥാനത്ത് ഒരിടത്ത് പോലും നിര്‍മാണം തുടങ്ങിയിട്ടില്ല. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാത്തതിനാല്‍ ഗുണഭോക്താക്കളുമായി കരാര്‍ വയ്ക്കാനോ അഡ്വാന്‍സ് അനുവദിക്കാനോ പഞ്ചായത്തുകള്‍ക്കോ നഗരസഭകള്‍ക്കോ കഴിഞ്ഞിട്ടില്ല. അഞ്ച് ലക്ഷത്തോളം കുടുംബങ്ങളാണ് ലൈഫ് പദ്ധതി പ്രകാരം വീടിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. 

ഒരു ഭാഗത്ത് ഗവര്‍ണര്‍ സര്‍ക്കാര്‍ പോരും പിന്‍വാതില്‍ നിയമന വിവാദവുമെല്ലാം അരങ്ങ് തകര്‍ക്കുമ്പോള്‍ സംസ്ഥാനത്തെ അഞ്ച് ലക്ഷത്തോളം കുടുംബങ്ങള്‍ ഒരു വീടിനായി നാളുകളെണ്ണി കാത്തിരിപ്പിലാണ്. സര്‍ക്കാരിന്‍റെ മുന്‍ഗണനാ പദ്ധതിയെന്ന നിലയില്‍ ഇതിനോടകം രണ്ടര ലക്ഷത്തോളം വീടുകള്‍ പൂര്‍ത്തിയാക്കിയ ലൈഫ് മിഷന്‍ കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ഒരു നിശ്ചലാവസ്ഥയിലാണ്. ഓഗസ്റ്റ് 16ന് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ച ശേഷം സര്‍ക്കാരില്‍ നിന്ന് ഒരറിയിപ്പും കിട്ടിയിട്ടില്ലെന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളുട അധ്യക്ഷന്‍മാര്‍ പറയുന്നു. പറയുന്നവര്‍ കോണ്‍ഗ്രസുകാര്‍ മാത്രമല്ല, സിപിഎമ്മുകാരുമുണ്ട്.

Also Read: ലൈഫ് പദ്ധതിയില്‍ വീടില്ല: കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുടികിടപ്പ് സമരം തുടങ്ങി ആദിവാസി യുവതി

പല ഘട്ടത്തിലുളള പരിശോധനകള്‍ക്ക് ശേഷമായിരുന്ന് ഓഗസ്റ്റ് 16ന് ലൈഫ് പദ്ധതി പ്രകാരം വീടിന് അര്‍ഹരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചത്. സ്വന്തമായി വീടില്ലാത്തവരും ഭൂമിയോ വീടോ ഇത്തവരുമാണ് ഇക്കുറി ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളളത്. ഭവന നിര്‍മാണം തുടങ്ങണമെങ്കില്‍  ഗുണഭോക്താക്കളും തദ്ദേശഭരണ സ്ഥാപനങ്ങളുമായി കരാര്‍ ഒപ്പ് വയ്ക്കണം. തറ കെട്ടാനുളള ആദ്യ ഗഡു അനുവദിക്കണം. ഇതിനെല്ലാം സര്‍ക്കാര്‍ നിര്‍ദ്ദേശവും സര്‍ക്കാര്‍ വിഹിതവും വേണം. ഇത് കിട്ടാത്തതാണ് പ്രതിസന്ധി. അതേസമയം, സര്‍ക്കാരാകട്ടെ മറ്റൊരു കുരുക്കിലാണ്. ഹഡ്കോ വായ്പയെ ആശ്രയിച്ചാണ് പദ്ധതിയുടെ നടത്തിപ്പ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഹഡ്കോയില്‍ നിന്ന് 1500 കോടി രൂപ സര്‍ക്കാര്‍ ലൈഫ് പദ്ധതിക്കായി വായ്പ എടുത്തിരുന്നെങ്കിലും പുതിയ ഗുണഭോക്തൃ പട്ടികയില്‍ വന്ന കുടുംബങ്ങള്‍ക്ക് ആദ്യ ഘഡു നല്‍കാന്‍ പോലും ഈ തുക മതിയാകില്ല. 

ഈ സാഹചര്യത്തില്‍ അതിദരിദ്രര്‍, പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍, തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ എന്നീ വിഭാഗങ്ങള്‍ക്ക് മാത്രം ഈ വര്‍ഷം മുന്‍ഗണന നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. ആലോചന ഇതാണെങ്കിലും ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളൊന്നും ഇതുവരെ ഇറങ്ങിയിട്ടില്ല. ഹഡ്കോയില്‍ നിന്ന് പുതിയ വായ്പ എടുക്കുന്ന കാര്യത്തില്‍ ആലോചനകള്‍ നടക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിലും ധാരണയായിട്ടില്ല. ചുരുക്കത്തില്‍, തദ്ദേശഭരണ സ്ഥാപനങ്ങളില്‍ കടുത്ത ആശയക്കുഴപ്പവും ഗുണഭോക്താക്കളില്‍ കടുത്ത ആശങ്കയുമാണ് ബാക്കിയാകുന്നത്. 

Follow Us:
Download App:
  • android
  • ios