Asianet News MalayalamAsianet News Malayalam

'സിപിഐയെ എകെജി സെന്‍ററില്‍ കൊണ്ട് കെട്ടി'; ജോസ് കെ മാണി വിഷയത്തിലടക്കം പാര്‍ട്ടിയിൽ കാനത്തിന് വിമര്‍ശനം

സംസ്ഥാന കൗണ്‍സിലിലാണ് കാനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. സിപിഐയെ എകെജി സെന്‍ററില്‍ കൊണ്ട് കെട്ടിയെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. 

Criticism against kanam on jose k mani ldf entry
Author
trivandrum, First Published Nov 5, 2020, 9:34 PM IST

തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗണ്‍സിൽ യോഗത്തിൽ കാനം രാജേന്ദ്രന് വിമർശനം. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തിലടക്കം നേതൃത്വം പാർട്ടിയെ എകെജി സെന്‍ററില്‍ കൊണ്ടു കെട്ടിയെന്ന് വിമർശനമുയർന്നു. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തെ ആദ്യ എതിർത്ത കാനം പിന്നീട് മലക്കംമറിഞ്ഞ് സിപിഎം തീരുമാനത്തിനൊപ്പം നിന്നതിലാണ് വിമർശനം. സ്വർണ്ണക്കടത്ത് വിവാദത്തിലും സിപിഎമ്മിന് സഹായകമാകുന്നത് രീതിയിലാണ് സിപിഐ നേതൃത്വം നിലകൊണ്ടത്. 

നയപരമായ വിഷയങ്ങളിൽ അടക്കം തിരുത്തൽ ശക്തിയായി നിന്ന സിപിഐ ഇപ്പോൾ സിപിഎമ്മിന് വിധേയപ്പെടുന്നതിലാണ് വിമർശനം. പാർട്ടിയെ കാനം എകെജി സെന്‍ററിൽ കൊണ്ടു കെട്ടുന്നുവെന്നാണ് പ്രധാന ആക്ഷേപം.കൊല്ലം ജില്ലയിലെ ആഭ്യന്തര പ്രശ്നങ്ങളും കൈവിട്ട നിലയിലാണ്.ജില്ലാ യോഗത്തിൽ നേതാക്കൾ പരസ്പരം പോർവിളിച്ച സംഭവത്തിൽ പി എസ് സുപാലിന് സസ്പെൻഷനും എം രാജേന്ദ്രന് താക്കീതുമാണ് നടപടി. ഏകപക്ഷീയമായ അച്ചടക്ക നടപടിക്കെതിരെയും കാനത്തിനെതിരെ വിമർശനമുയർന്നു. 

മന്ത്രി വി എസ് സുനിൽകുമാർ ഒരാളെ മാത്രം സസ്പെന്‍റ് ചെയ്തത് ചോദ്യംചെയ്തപ്പോൾ ഭൂരിപക്ഷം ജില്ലാ ഘടകങ്ങളും പിന്തുണച്ചു. മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് സിപിഐ രേഖപ്പെടുത്തിയത്. പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത നടപടിയാണെന്നും തണ്ടർബോൾട്ടിന്‍റെ ആവശ്യം ഇപ്പോൾ സംസ്ഥാനത്തില്ലെന്നും പ്രമേയത്തിൽ സിപിഐ വ്യക്തമാക്കി. മജിസ്ട്രേറ്റ് അന്വേഷണം പൂർത്തിയാക്കി നടപടികൾ സ്വീകരിക്കണമെന്നും സർക്കാരിനോട് സിപിഐ ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios