പെൻഷനുകൾ മുടങ്ങിയത് പാർട്ടിക്കും സർക്കാരിനും തിരിച്ചടിയാണെന്നും അവ സമയത്തിന് നൽകണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു.
കോഴിക്കോട്: മുൻ എംഎൽഎ ജോർജ് എം തോമസിനെ നേതാക്കൾ സംരക്ഷിച്ചുവെന്ന് സിപിഎം കോഴിക്കോട് ജില്ലാ സമ്മേളന ചർച്ചയിൽ വിമർശനം. പാർട്ടി നടപടി വൈകിപ്പിച്ച് ജില്ലാ സെക്രട്ടറിയേറ്റ് ജോർജ് എം തോമസിനെ രക്ഷിക്കാൻ ശ്രമിച്ചു എന്നാണ് പൊതു ചർച്ചയിൽ വിമർശനം ഉയർന്നത്. പെൻഷനുകൾ മുടങ്ങിയത് പാർട്ടിക്കും സർക്കാരിനും തിരിച്ചടിയാണെന്നും അവ സമയത്തിന് നൽകണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു.
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും തിരുവമ്പാടി മുൻ എംഎൽഎയുമായിരുന്ന ജോർജ് എം തോമസിനെ 2023 ജൂലൈയിലാണ് സസ്പെൻഡ് ചെയ്തത്. പോക്സോ കേസിലെ പ്രതിയെ രക്ഷിക്കാൻ ഇടപെട്ടു, പ്രതിയിൽ നിന്ന് 25 ലക്ഷം കൈപ്പറ്റി, സഹായിച്ച പൊലീസുദ്യോഗസ്ഥന് ഭൂമി നൽകി, നാട്ടുകാരനിൽ നിന്ന് വഴി വീതി കൂട്ടാനായി മധ്യസ്ഥനെന്ന നിലയിൽ ഒരു ലക്ഷം രൂപ വാങ്ങി, ക്വാറി മുതലാളിമാരെക്കൊണ്ട് വീട് നിർമ്മാണത്തിന് സാമഗ്രികൾ വാങ്ങിപ്പിച്ചു തുടങ്ങിയ ഗൗരവമുള്ള ആരോപണങ്ങളാണ് പാർട്ടിയുടെ അന്വേഷണ റിപ്പോർട്ടിൽ ശരിവെച്ചത്.
ജോർജ് എം തോമസ് എംഎൽഎ ആയിരുന്ന 2006 -2011. 2016-21 കാലയളവിലുമാണ് ക്രമക്കേടുകൾ നടന്നതെന്ന് റിപ്പോർട്ടിലുണ്ട്. പരാതിക്കാരായ പാർട്ടി നേതാക്കളും നാട്ടുകാരും തെളിവ് സഹിതമാണ് മൊഴി നൽകിയത്. 14 മാസത്തിന് ശേഷം ജോർജ് എം തോമസിനെ സിപിഎം തിരിച്ചെടുത്തു. ബ്രാഞ്ച് അംഗമായാണ് പാർട്ടിയിൽ തിരിച്ചെത്തിയത്.

