യുഎപിഎ ചുമത്തുന്നതിൽ ദേശീയനയം തന്നെയാണോ സംസ്ഥാനത്ത് പാർട്ടി നടപ്പാക്കുന്നതെന്ന് കോഴിക്കോട് നോർത്തിൽ നിന്നുള്ള പ്രതിനിധി ചോദിച്ചു.

കോഴിക്കോട്: സിപിഎമ്മിൻ്റെ കോഴിക്കോട് ജില്ലാ സമ്മേളനത്തിലും പൊലീസിനെതിരെ അതിരൂക്ഷ വിമർശനം. അലൻ താഹ, ശുഹൈബ് എൻഐഎ കേസിലും കെ റെയിൽ പദ്ധതിയിലും സർക്കാരിനും പൊലീസ് വകുപ്പിനും എതിരെ രൂക്ഷവിമർശനമാണ് പ്രതിനിധികളിൽ നിന്നുണ്ടായത്.

മുഖ്യമന്ത്രിയുടേയും കോടിയേരിയുടേയും സാന്നിധ്യത്തിലാണ് വിവിധ വിഷയങ്ങളിൽ പ്രതിനിധികളിൽ നിന്നും വിമർശനം ഉണ്ടായത്. സഖാക്കൾ ഉന്നയിക്കുന്ന ന്യായമായ വിഷയങ്ങളിൽ പോലും പൊലീസ് അനീതിയാണ് കാണിക്കുന്നതെന്നും പാർട്ടി പ്രവർത്തകരെ ചെയ്യാത്ത കുറ്റത്തിന് പ്രതി ചേർക്കുന്ന സാഹചര്യമുണ്ടെന്നും പേരാമ്പ്രയിൽ നിന്നുള്ള പ്രതിനിധി വിമർശനം ഉയർത്തി. 

യുഎപിഎ ചുമത്തുന്നതിൽ ദേശീയനയം തന്നെയാണോ സംസ്ഥാനത്ത് പാർട്ടി നടപ്പാക്കുന്നതെന്ന് കോഴിക്കോട് നോർത്തിൽ നിന്നുള്ള പ്രതിനിധി ചോദിച്ചു. അലൻ താഹ - ശുഹൈബ് ഫസൽ കേസിനെക്കുറിച്ചായിരുന്നു ഈ ചോദ്യം. ഇവർക്കെതിരെ എന്ത് തെളിവാണുള്ളതെന്ന് ഇതുവരെ പൊലീസിന് വ്യക്തമാക്കാൻ സാധിച്ചില്ലെന്നും വിമർശനം ഉണ്ടായി.

മറ്റു ജില്ലാ സമ്മേളനങ്ങളിൽ എന്ന പോലെ കെ റെയിൽനടപ്പാക്കണം എന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം പാസാക്കിയാണ് സമ്മേളനം തുടങ്ങിയതെങ്കിലും കോഴിക്കോട് സൗത്തിലേയും കൊയിലാണ്ടിയിലേയും സമ്മേളന പ്രതിനിധികൾ കടുത്ത വിമ‍‍ർശനം പദ്ധതിക്കെതിരെ ഉണ്ടായി. ദേശീയപാതയ്ക്ക് വേണ്ടി സ്ഥലമേറ്റെടുത്തതിൽ തന്നെ പലതരം പ്രശ്നങ്ങളുണ്ടെന്നും ഇതേ നിലയിലാണ് കെ റെയിലിന് വേണ്ടി സ്ഥലമേറ്റെടുക്കുന്നതെങ്കിൽ കടുത്ത തിരിച്ചടിയുണ്ടാവുമെന്നും വിമ‍ർശനമുയ‍ർന്നു.

2016-ൽ കുറ്റ്യാടിയിൽ പാ‍ർട്ടിക്കുണ്ടായ പരാജയത്തിൽ അന്ന് ശക്തമായ നടപടി എടുക്കാതിരുന്നത് പിന്നീട് അവിടെയുണ്ടായ പ്രതിഷേധങ്ങൾക്ക് കാരണമായതെന്ന് വിമ‍ർശനം ഉണ്ടായി. കുറ്റ്യാടിയിലും വടകരയിലും പാ‍ർട്ടിയിൽ ​ഗുരുതരപ്രശ്നങ്ങളുണ്ടെന്ന് സമ്മേളനത്തിൽ വിമ‍ശനം ഉയ‍ർന്നു. തെരഞ്ഞെടുപ്പിൽ വടകരയിലെ പാ‍ർട്ടി നൽകിയവോട്ടുകണക്കുകൾ എല്ലാം തെറ്റിയെന്നും വിമ‍ർശനമുണ്ടായി. 

വലിയ തോതിൽവിമതസ്വരം ഉയരില്ലെന്ന് ഉറപ്പാക്കുന്ന തരത്തിലാണ് ജില്ലാ സമ്മേളനത്തിനുള്ള പ്രതിനിധികളെ തെരഞ്ഞെടുത്തത്. ജില്ലാ - സംസ്ഥാന നേതൃത്വത്തോട് വിയോജിപ്പുള്ളവരെ ഏരിയ, ലോക്കൽ സമ്മേളനങ്ങളിൽ തന്നെ മാറ്റി നിർത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സമ്മേളനത്തിൽ ഒരേസമയം പങ്കെടുക്കുന്നുണ്ട്.