പൊലീസ് മാറ്റങ്ങൾക്ക് വിധേയമാകണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടപ്പോൾ  വി എസ് അച്യുതാനന്ദൻ സര്‍ക്കാരിന്‍റെ കാലത്തെ പൊലീസായിരുന്നു നല്ലതെന്ന് സി ദിവാകരൻ വിമര്‍ശിച്ചു. പൊലീസ് എന്താകണമെന്നതിന്‍റെ പൂര്‍ണ്ണ രൂപം ഓര്‍മ്മിപ്പിച്ചായിരുന്നു സി പി എം കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതിയുടെ കുത്ത്.

തിരുവനന്തപുരം: പൊലീസിനെതിരെ ഭരണകക്ഷിയില്‍ നിന്ന് വിമര്‍ശനവും മുറുമുറുപ്പും. പൊലീസ് മാറ്റങ്ങൾക്ക് വിധേയമാകണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടപ്പോൾ വി എസ് അച്യുതാനന്ദൻ സര്‍ക്കാരിന്‍റെ കാലത്തെ പൊലീസായിരുന്നു നല്ലതെന്ന് സി ദിവാകരൻ വിമര്‍ശിച്ചു. പൊലീസ് എന്താകണമെന്നതിന്‍റെ പൂര്‍ണ്ണ രൂപം ഓര്‍മ്മിപ്പിച്ചായിരുന്നു സി പി എം കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതിയുടെ കുത്ത്. പൊലീസിനെതിരെയുള്ള ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മറുപടി. 

മോൻസൻ മാവുങ്കൽ കേസ് മുതല്‍ കൊച്ചിയിലെ നിയമവിദ്യാര്‍ത്ഥിയുടെ മരണം വരെയുള്ള വിഷയങ്ങളിൽ പൊലീസിനെതിരെ ശക്തമായ സമരവുമായി പ്രതിപക്ഷം നിലയുറപ്പിച്ചിരിക്കുകയാണ്. അങ്ങനെ, പൊലീസ് കനത്ത പ്രതിരോധത്തില്‍ പ്രതികൂട്ടില്‍ നില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ വകുപ്പിനെതിരെ ഭരണ മുന്നണിയില്‍ നിന്ന് തന്നെ വിമര്‍ശനമുയരുന്നത്. കോടിയേരിയുടെ സാന്നിധ്യത്തിലായിരുന്നു സി ദിവാകരൻറെ കുറ്റപ്പെടുത്തൽ. പണ്ട് ഇടതുമുന്നണി സ‍ർക്കാരാണ് ജനമൈത്രിപൊലീസ് ഉണ്ടാക്കി ജനകീയമാക്കിയത്. ഇന്ന് കാണിക്കുന്ന ആക്രമങ്ങൾ പാടില്ലെന്ന് അന്നേ പഠിപ്പിച്ചതാണ്. പക്ഷെ പഠിക്കുന്നില്ലെന്നും ദിവാകരൻ വിമർശിച്ചു. കർഷകസമരത്തിന്റെ ഒന്നാം വാർഷിത്തോടനുബന്ധിച്ച് ഇടതുമുന്നണി സംഘടിപ്പിച്ച ധർണ്ണയായിരുന്നു വേദി. 

ആലുവ സംഭവത്തിൽ നടപടി വൈകി എന്ന അഭിപ്രായമില്ലെന്ന് പറയുമ്പോഴും പൊലീസ് മാറണമെന്നാണ് കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടത്. 
സർക്കാരിന് നടപടി എടുക്കേണ്ടതായ രീതിയുണ്ട്. ആ രീതിക്കനുസരിച്ച് മാത്രമേ സർക്കാർ നടപടി എടുക്കാൻ സാധിക്കൂ. അന്വേഷിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ട കാലതാമസം മാത്രമേ ആലുവ സംഭവത്തിന് ഉണ്ടായിട്ടുള്ളൂ. ആലുവ സംഭവത്തിൽ നടപടി വൈകി എന്ന വിലയിരുത്തൽ ഇല്ല. പൊലീസ് മാറ്റത്തിന് വിധേയമാകണം. കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. വേലിതന്നെ വിളവ് തിന്നുന്നു എന്ന വിശേഷണത്തോടെയാണ് സിപിഐ മുഖപത്രം ജനയുഗം പൊലീസിനെ വിമർശിച്ചത്.

പൊലീസിന്‍റെ ഇംഗ്ലീഷ് അക്ഷരമാലയിലെ ആപ്തവാക്യങ്ങള്‍ ഫേസ്ബുക്കിലൂടെ കുറിച്ച് കൊണ്ടായിരുന്നു സി പി എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതിയുടെ കുത്ത്. ക്രമിനില്‍ സ്വഭാവമുള്ള പൊലീസുകാര്‍ സേനയ്ക്ക് തന്നെ കളങ്കമുണ്ടാക്കുന്നു എന്നത് നിര്‍ഭാഗ്യകരമാണെന്നും ശ്രീമതി കുറ്റപ്പെടുത്തുന്നു. അതേസമയം, പൊലീസിനെതിരായ ആക്ഷേപങ്ങൾ പരിശോധിക്കുമെന്നായിരുന്നു ആക്ഷപങ്ങളോട് കോടിയേരി ബാലകൃഷ്ണന്റെ മറുപടി.