'ഫോൺ പോലുമെടുക്കില്ല'; ദൈവനാമത്തിലെ സത്യപ്രതിജ്ഞയിലും വീണാ ജോർജിന് പത്തനംതിട്ട ഏരിയ സമ്മേളനത്തിൽ വിമർശനം
അത്യാവശ്യ കാര്യങ്ങൾക്ക് പാർട്ടി പ്രവർത്തകർക്ക് പോലും മന്ത്രിയെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ല എന്നാണ് വിമർശനം ഉയര്‍ന്നത്.

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ഏരിയ സമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ (veena george) രൂക്ഷ വിമർശനം. വീണാ ജോർജ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിനെ ഭൂരിഭാഗം പ്രതിനിധികളും എതിർത്തു. വീണാ ജോർജ് വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്നും സമ്മേളനത്തിൽ പരാതി ഉയർന്നു.
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളാണ് ഫോൺ എടുക്കുന്നില്ലെന്ന വിമർശനം ഉന്നയിച്ചത്. അത്യാവശ്യ കാര്യങ്ങൾക്ക് വിളിച്ചാൽ പോലും മന്ത്രിയെ ബന്ധപ്പെടാൻ കഴിയാത്തത് പാർട്ടി പ്രവർത്തകർക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുന്നുവെന്ന് പ്രതിനിധികൾ ആരോപിച്ചു. പല ബൂത്തുകളിലും പാർട്ടി വോട്ട് ചോരാൻ ഇത് കാരണമായെന്നും സമ്മേള്ളനത്തിൽ റിപ്പോർട്ട് ചെയ്തു. നിലവിൽ പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗമാണ് വീണാ ജോർജ്. പത്തനംതിട്ട ഏരിയ കമ്മിറ്റിയിൽ ഒരു ജില്ലാ കമ്മിറ്റി അംഗത്തിന്‍റെയും വീണ ജോർജിന്‍റെയും നേതൃത്വത്തിൽ പ്രവർത്തകർ രണ്ട് തട്ടിലാണ്.
അതേസമയം, വീണാ ജോർജിനെ തോൽപ്പിക്കാൻ ശ്രമം നടന്നെന്ന് പ്രവർത്തന റിപ്പോർട്ട്. സിപിഎം പത്തനംതിട്ട ഏരിയാ സമ്മേളനത്തിൽ അവതരിപ്പിച്ച് റിപ്പോർട്ടിലാണ് പരാമർശം. ഇടതുമുന്നണി വിജയദിനം ആഘോഷിച്ചപ്പോൾ ചില പ്രാദേശിക നേതാക്കൾ കതകടച്ച് വീട്ടിലിരുന്നെന്നും എല്ലാത്തിനും സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിക്കുന്നവർ അന്ന് മിണ്ടിയില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
Read More: ആറന്മുളയില്‍ വീണാ ജോര്‍ജിന്‍റെ പ്രചാരണങ്ങളില്‍ 267 പാര്‍ട്ടി അംഗങ്ങള്‍ വിട്ടുനിന്നെന്ന് കണ്ടെത്തല്‍
Read More: വീണാ ജോർജ്ജിനെതിരെ പാർട്ടി കമ്മിറ്റികളിൽ വിമർശനം ഉണ്ടായിട്ടില്ല, വാർത്ത അടിസ്ഥാനരഹിതമെന്ന് സിപിഎം