Asianet News MalayalamAsianet News Malayalam

വീണാ ജോർജ്ജിനെതിരെ പാർട്ടി കമ്മിറ്റികളിൽ വിമർശനം ഉണ്ടായിട്ടില്ല, വാ‍ർത്ത അടിസ്ഥാനരഹിതമെന്ന് സിപിഎം

വ്യാജ വാർത്ത ആസൂത്രിതവും വീണാ ജോര്‍ജിനെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുമാണെന്ന് സിപിഎം ആരോപിക്കുന്നു.  തെറ്റിദ്ധാരണ പരത്താന്‍ ഇടയാക്കും എന്നതിനാലാണ് നിയമ നടപടികളിലേക്ക് കടക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതെന്നാണ് വിശദീകരണം.

there was no criticism against minister veena george in party committees says pathanamthitta cpm
Author
Pathanamthitta, First Published Sep 16, 2021, 2:59 PM IST

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ പത്തനംതിട്ട നഗരത്തിലെ പാര്‍ട്ടി കമ്മിറ്റികളില്‍ വിമര്‍ശനമുണ്ടായി എന്ന വാർത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി. ചില മാധ്യമങ്ങൾ നൽകിയ വാർത്തയ്ക്കെതിരെയാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ വിമർശനം. വാർത്ത നൽകിയെ മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സിപിഎം അറിയിച്ചു. 

വ്യാജ വാർത്ത ആസൂത്രിതവും വീണാ ജോര്‍ജിനെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുമാണെന്ന് സിപിഎം ആരോപിക്കുന്നു.  തെറ്റിദ്ധാരണ പരത്താന്‍ ഇടയാക്കും എന്നതിനാലാണ് നിയമ നടപടികളിലേക്ക് കടക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതെന്നാണ് വിശദീകരണം.

Read More: ആറന്മുളയില്‍ വീണാ ജോര്‍ജിന്‍റെ പ്രചാരണങ്ങളില്‍ 267 പാര്‍ട്ടി അംഗങ്ങള്‍ വിട്ടുനിന്നെന്ന് കണ്ടെത്തല്‍

അതേസമയം ആറന്മുളയിൽ വീണാജോർജ്ജിന്റെ പ്രചരണ പ്രവർത്തനിൽ നിന്ന് 267 പാർട്ടി പ്രവർത്തകർ വിട്ടുനിന്നതായുള്ള സിപിഎമ്മിന്റെ തന്നെ അവലോകന റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഒരു ഏരിയ കമ്മറ്റി അംഗവും നാല് ലോക്കൽ കമ്മിറ്റി അംഗങ്ങളും ഉത്തരവാദിത്തം നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയെന്നാണ് റിപ്പോർട്ട്. 

സിപിഎം സമ്മേളനങ്ങൾ തുടങ്ങാനിരിക്കെയാണ് ആറന്മുളയിൽ പ്രാദേശിക നേതാക്കളുടെ പേര് എടുത്ത് പറഞ്ഞുള്ള തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് പുറത്ത് വരുന്നത്. പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗം ഷമീർ കുമാർ, കുളനട ലോക്കൽ കമ്മിറ്റി അംഗം എൻ ജീവരാജ്, ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ പി രാഗേഷ്, എം കെ രാഘവൻ, മലപ്പുഴശേരി എൽ സി അംഗം ആർ ശ്രീകുമാർ എന്നിവരാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നവർ. 

ഇരവിപേരൂർ കോഴഞ്ചേരി പന്തളം പത്തനംതിട്ട ഏരിയ കമ്മിറ്റികളുടെ കീഴിലുള്ള 22 ലോക്കൽ കമ്മിറ്റികളിൽ 20 ഇടങ്ങളിലായാണ് 267 പാർട്ടി കേഡര്‍മാര്‍ വിട്ടുനിന്നത്. തെരഞ്ഞെടുപ്പ് കാലത്ത് മൊബൈൽ ആപ്പിൻ്റെ സഹായത്തോടെ സിപിഎം തെരഞ്ഞെടുപ്പ് അവലോകനം നടത്തിയിരുന്നു. ഇതിന് പുറമെ പ്രാദേശികമായി ശേഖരിച്ച വിവരവും ക്രോഡീകരിച്ചാണ് ഇത്രയധികം പാർട്ടി അംഗങ്ങൾ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നതായി കണ്ടെത്തിയത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ പദ്മകുമാറിൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് അവലോകനം നടത്തിയത്.  റിപ്പോർട്ടിൽ പരാമർശിക്കുന്നവർക്ക് ബ്രാഞ്ച് കമ്മിറ്റികൾ യാതൊരു ആവശ്യങ്ങൾക്കും കത്ത് നൽകരുതെന്നും നിർദേശം നൽകി. 267 പാർട്ടി കേഡർമാർ വിട്ടുനിൽക്കാനുണ്ടായ സാഹചര്യം പരിശോധിക്കാനാണ് പാർട്ടി തീരുമാനം. സമ്മേളനങ്ങളിലും റിപ്പോർട്ട് ചർച്ച ചെയ്യാനുള്ള നീക്കങ്ങളും സജീവമാണ്. ചില പ്രവർത്തകർ സജീവമല്ലെന്ന് പ്രചരണ സമയത്ത് വീണ ജോർജ് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു.

Follow Us:
Download App:
  • android
  • ios