അടുത്ത സീസണിലേക്കായി ഹോട്ടലുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, എന്നിവയുള്‍പ്പെട 213 ഇനങ്ങളിലേക്ക് നടന്ന ലേലത്തില്‍ വെറും 58 എണ്ണം മാത്രമാണ് ലേലം കൊണ്ടത്

പത്തനംതിട്ട: മണ്ഡല മകര വിളക്ക് സീസണ്‍ തുടങ്ങാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നു. അടുത്ത സീസണിലേക്കായി ഹോട്ടലുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, എന്നിവയുള്‍പ്പെട 213 ഇനങ്ങളിലേക്ക് നടന്ന ലേലത്തില്‍ വെറും 58 എണ്ണം മാത്രമാണ് ലേലം കൊണ്ടത്. 155 എണ്ണവും ഏറ്റെടുക്കാനാളില്ല. 

യുവതിപ്രവേശന വിവാദംമൂലം കഴിഞ്ഞവര്‍ഷം വലിയ നഷ്ടമുണ്ടായെന്നാണ് കച്ചവടക്കാരുടെ ആക്ഷേപം. പോയവര്‍ഷം ലേലം കൊണ്ടവരില്‍ നിന്നും 15 കോടിയോളം ഇനിയും ദേവസ്വം ബോര്‍ഡിന് കിട്ടാനുണ്ട്. ലേലത്തുകയുടെ പകുതി ആദ്യം അടയ്ക്കുന്നതിനൊപ്പം, ബാക്കി തുകയ്ക്ക് ബാങ്ക് ഗ്യാരണ്ടി വേണമെന്ന നിബന്ധനയും ഇത്തവണ ഉള്‍പ്പെടുത്തി. കഴിഞ്ഞ സീസണില്‍ ദേവസ്വം ബോര്‍ഡിന് 100 കോടിയോളം രൂപയുടെ വരുമാന നഷ്ടമാണുണ്ടായത്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ മരാമത്ത് ജോലികളുടെ കുടിശ്ശിക തീര്‍ക്കാന്‍ കരുതല്‍ ഫണ്ടില്‍ നിന്ന് 30 കോടി ലോണെടുക്കേണ്ടി വന്നു. സര്‍ക്കാര്‍ 100 കോടി സഹായം പ്രഖ്യാപിച്ചെങ്കിലും 30 കോടി മാത്രമാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഇത് ദേവസ്വം ബോര്‍ഡില്‍ ഇതുവരെ എത്തിയിട്ടില്ല. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ അടുത്തമാസം പ്രതിസന്ധി രൂക്ഷമായേക്കുമെന്നാണ് വിലയിരുത്തല്‍.