ഇടുക്കി: പീരുമേട് സബ്‍ ജയിലിൽ റിമാൻഡിലിരിക്കെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്‍കുമാർ മരിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നു. വാഗമണിലെ രാജ്കുമാറിന്റെ വീട്ടിലെത്തി അന്വേഷണ സംഘം ഇന്ന് മൊഴി രേഖപ്പെടുത്തും. പീരുമേട് ജയിലില്‍ നിന്നും വിവരങ്ങള്‍ തേടിയേക്കും. 

കോട്ടയം മെഡിക്കല്‍ കോളേജിലെത്തി സംഘം ഇന്നലെ തെളിവ് ശേഖരിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തി. രാജ്കുമാറിന്റെ മൃതദേഹത്തില്‍ ചതവുകളുണ്ടായിരുന്നെന്ന് ഡോക്ടര്‍ മൊഴി നൽകിയതായാണ് വിവരം. രാജ്‍കുമാറിന്‍റെ ശരീരത്തിലെ ചതവുകള്‍ക്ക് ഒരാഴ്ചത്തെ പഴക്കമുണ്ടായിരുന്നെന്നും മൃതദേഹത്തിന് നല്ല ഭാരമുണ്ടായിരുന്നെന്നും ഡോക്ടര്‍ മൊഴി നല്‍കി.

Also Read: 'രാജ്‍കുമാറിന്‍റെ ശരീരത്തിലെ ചതവുകള്‍ക്ക് ഒരാഴ്ചത്തെ പഴക്കം, മൃതദേഹത്തിന് നല്ല ഭാരമുണ്ടായിരുന്നു': ഡോക്ടറുടെ മൊഴി

കസ്റ്റഡി കൊലപാതകത്തിനൊപ്പം രാജ്കുമാറിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പും സംഘം അന്വേഷിക്കുന്നുണ്ട്. രാജ്കുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെയും നിക്ഷേപകരുടെയും മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയേക്കും. ജൂലൈ ഏഴിനകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന് ഡിജിപി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ഇടുക്കി തൂക്കുപാലത്തെ വായ്പ തട്ടിപ്പ് കേസില്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്‍കുമാര്‍ ജൂണ്‍ 21നാണ് മരിച്ചത്. രാജ്‍കുമാറിന് മര്‍ദ്ദനമേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരണം ഉണ്ടായിരുന്നു.