ആലപ്പുഴ: വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ നാലാം പ്രതി സന്ദീപ് നായര്‍ ഉപയോഗിച്ച കാര്‍ ആലപ്പുഴയില്‍ കണ്ടെത്തി. കനത്ത സുരക്ഷയില്‍ കാര്‍ കൊച്ചിയിലേക്ക് കൊണ്ടുവരികയാണ്. കാറില്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ചില രേഖകളുള്ളതായാണ് സൂചന. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർക്ക് എതിരായ കൂടുതൽ തെളിവുകൾ എന്‍ഐഎ ഇന്ന് കോടതിയില്‍ ഹാജരാക്കും. തെളിവുകൾ ഹാജരാക്കാൻ ഇന്നലെ കോടതി ആവശ്യപ്പെട്ടിരുന്നു. പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ സമർപ്പിച്ച അപേക്ഷ പരിഗണിച്ചപ്പോഴാണ് കോടതി ഈ നിർദ്ദേശം നൽകിയത്.  

അതേസമയം സന്ദിപുമായും സരിത്തുമായും അടുത്തബന്ധം പുലർത്തിയിരുന്ന റമീസ് കള്ളക്കടത്തിലെ മുഖ്യകണ്ണിയെന്ന വിവരം കസ്റ്റംസ് പുറത്തുവിട്ടു. കള്ളക്കടത്ത് സ്വര്‍ണ്ണം ജൂവലറികള്‍ക്ക് നല്‍കുന്നത് റമീസാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. സന്ദീപിന് മുകളിലുള്ള കണ്ണിയാണ് റമീസ്. കൊടുവള്ളിയിലെ സ്വര്‍ണ്ണ വില്‍പ്പനയുമായി ബന്ധപ്പെട്ടുള്ള തെളിവും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. സരിത്തിന്‍റെ മൊഴിയനുസരിച്ചാണ് റമീസിനെ ഇന്നലെ കസ്റ്റംസ് സംഘം കസ്റ്റഡിയിലെടുത്തത്. അതേസമയം കേരളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട പ്രധാന കണ്ണികളുടെ പട്ടിക എൻഐഎക്ക് കേരള പൊലീസ് കൈമാറി. സംസ്ഥാന ഇന്‍റലിജന്‍സ് വിഭാഗം ശേഖരിച്ച വിവരങ്ങളാണ് കൈമാറിയത്. പട്ടികയിൽ 300 ലധികം പേരുകളുണ്ട്.