തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ ഗൺമാൻ ജയഘോഷിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ ജയഘോഷിന് ഉടൻ നോട്ടീസ് നൽകും. 

നയതന്ത്ര ബാഗിൽ കടത്തിയ സ്വർണം കസ്റ്റംസ് പിടികൂടിയതിനു ശേഷം ജൂലൈ ഒന്നു മുതൽ നാലു വരെ പല തവണ ജയഘോഷ് സ്വപ്നയെയും സരിത്തിനെയും ഫോണിൽ വിളിച്ചിരുന്നു. ഇരുവരെയും കോൺസുലേറ്റിൽ നിന്ന് ഒഴിവാക്കി എന്നറിയാവുന്ന ജയഘോഷ് ബാഗ് പിടിച്ചുവച്ച ശേഷവും ഇവരെ എന്തിന് വിളിച്ചു എന്നതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. 

കേസിലെ മുഖ്യ പ്രതികളായ സ്വപ്നയെയും സന്ദീപിനെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം സാന്പത്തിക കുറ്റകൃത്യ കോടതി കസ്റ്റംസിന് കസ്റ്റഡിയിൽ വിട്ടു നൽകിയ മറ്റ് ഏഴു പ്രതികളെ ഇന്ന് തിരികെ കോടതിയിൽ ഹാജരാക്കും 

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ക്ലിയറിംഗ് ഏജന്‍റ്സ് അസോസിയേഷന്‍ നേതാവിനെ വീണ്ടും ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞുവച്ച സ്വര്‍ണമടങ്ങിയ നയതന്ത്ര ബാഗ് വിട്ടുകൊടുക്കാന്‍ അസോസിയേഷന്‍ നേതാവ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. 

ഇതുമായി ബന്ധപ്പെട്ട് ഒരു തവണ കസ്റ്റംസ് ഇദ്ദേഹത്തെ ചോദ്യം ചെയ്ത് വിട്ടയച്ചതുമാണ്. സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച സൂചനകളില്‍ വ്യക്തത വരുത്താനാണ് അസോസിയേഷന്‍ നേതാവിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെടാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്.