Asianet News MalayalamAsianet News Malayalam

അറബിക്കടലിൽ ഇരട്ട ന്യൂനമർദത്തിന് സാധ്യത; വ്യാഴാഴ്ച മുതല്‍ മത്സ്യബന്ധനത്തിന് വിലക്ക്

ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ടാണ്.

cyclone alert fishing is banned from midnight today in arabian sea
Author
thiruvananthapuram, First Published May 27, 2020, 6:39 PM IST

തിരുവനന്തപുരം: അറബിക്കടലിൽ ഇരട്ട ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത ഉള്ളതിനാൽ നാളെ രാത്രി മുതൽ കേരളാ തീരത്ത് മീൻ പിടിക്കാൻ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതേസമയം കേരളത്തിൽ ഇന്ന് മുതൽ മെയ് 31 വരെ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ടാണ്.

തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി മെയ് 31 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് കേരള തീരത്ത് നിന്ന് അധികം അകലെയല്ലാത്ത പ്രദേശമാണ്. മധ്യ പടിഞ്ഞാറൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ അറബിക്കടൽ പ്രദേശത്തുമായി മറ്റൊരു ന്യൂനമർദം മെയ് 29 നോട് കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

Also Read: കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത, 5 ജില്ലകളിൽ മഞ്ഞ അലർട്ട്; ജാഗ്രത

അറബിക്കടലിൽ ന്യൂനമർദങ്ങൾ രൂപപ്പെടാനുള്ള സാധ്യത പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിലാണ് മെയ് 28 മുതൽ കേരളാ തീരത്തും അതിനോട് ചേർന്നുള്ള അറബിക്കടലിലും മത്സ്യ ബന്ധനം പൂർണ്ണമായി നിരോധിച്ചിരിക്കുന്നത്. മെയ് 28 ന് ശേഷം കേരള തീരത്ത് നിന്ന് യാതൊരു കാരണവശാലും മൽസ്യതൊഴിലാളികൾ കടലിൽ പോകാൻ പാടില്ല. നിലവിൽ ആഴക്കടൽ, ദീർഘദൂര മൽസ്യബന്ധനത്തിൽ ഏർപ്പെട്ട് കൊണ്ടിരിക്കുന്നവർ മെയ് 28 രാത്രിയോടെ കേരള തീരത്ത് മടങ്ങിയെത്തുകയോ അല്ലെങ്കിൽ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തെത്തുകയോ ചെയ്യേണ്ടതാണ്.

ന്യൂനമർദ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ജില്ലാഭരണകൂടങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും ആവശ്യമായ തയ്യറെടുപ്പുകൾ നടത്താൻ ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷക്കായി മുൻകരുതൽ നിർദേശങ്ങൾ തയ്യാറാക്കി മൽസ്യബന്ധന കേന്ദ്രങ്ങളിലും മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലും പ്രചരിപ്പിക്കാനും ഫിഷറീസ് വകുപ്പിനോട് നിർദേശിച്ചു. സ്ഥിരമായി കടലാക്രമണ ഭീഷണിയുള്ള മേഖലകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ മണൽച്ചാക്കുകളോ ജിയോ ട്യൂബുകളോ സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ, ജലസേചന വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവർക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.

ശക്തമായ മഴ മൂലം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും മലയോര മേഖലയിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ആയതിനാൽ വെള്ളപ്പൊക്ക, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ന്യൂനമർദം സ്വാധീനത്താൽ മഴ ലഭിക്കുന്ന ഘട്ടത്തിൽ പ്രത്യേക ജാഗ്രത പാലിക്കണം. ഇവിടങ്ങളിൽ ക്യാമ്പുകൾ സജ്ജീകരിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്. അധികൃതർ നിർദേശിക്കുന്ന മുറക്ക് മാറിത്താമസിക്കേണ്ടതാണ്.

Follow Us:
Download App:
  • android
  • ios