Asianet News MalayalamAsianet News Malayalam

അറബിക്കടലിൽ 'ടൗട്ടെ' ചുഴലിക്കാറ്റ് രൂപപ്പെട്ടു; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, ഏഴിടത്ത് ഓറഞ്ച് അലർട്ട്

24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് കൂടുതൽ ശക്തമാകും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

cyclone toute formed in the arabian Sea red alert in five districts
Author
Thiruvananthapuram, First Published May 15, 2021, 6:38 AM IST

തിരുവനന്തപുരം: അറബിക്കടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ 'ടൗട്ടെ'  രൂപപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് കൂടുതൽ ശക്തമാകും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂരിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുകയാണ്. തീരദേശത്തും മലയോരത്തും താമസിക്കുന്നവർക്ക് ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പല സ്ഥലങ്ങളിലും വൈദ്യുതിയില്ല. വയനാട്ടിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. കാറ്റും ഉണ്ട്. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

തൃശ്ശൂരിൽ രാത്രി ശക്തമായ കാറ്റും മഴയും ഉണ്ടായി. തീരദേശ മേഖലകളായി എറിയാട്, ചാവക്കാട്, കൈപ്പ മംഗലം എന്നിവിടങ്ങളിൽ കടൽ ആക്രമണം ഉണ്ടായി. നൂറിൽ അധികം വീടുകളിൽ വെള്ളം കയറി. 105 പേരെ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. ചേർപ്പിൽ കനത്ത മഴയിൽ വീട് തകർന്നു. ആയിരത്തോളം വീടുകൾ വാസയോഗ്യമല്ലാതായി.നഗരത്തിൽ പല ഇടങ്ങളിലും വൈദ്യുതി വിതരണം മുടങ്ങി. ഇരിങ്ങാലക്കുടയിൽ പല ഇടങ്ങളിൽ മരം വീണു വൈദ്യുതി കമ്പികൾ പൊട്ടി. എനമാക്കൽ റെഗുലേറ്ററിന്റെ ഷട്ടർ തുറന്നിട്ടുണ്ട്. 

കൊല്ലത്ത് അർധരാത്രിയോളം മഴയുണ്ടായിരുന്നു. പിന്നീട് മഴ കുറഞ്ഞു. കാറ്റിൻ്റെ ശക്തിയും കുറഞ്ഞു.പുലർച്ചെയോടെ മഴ നിലച്ച മട്ടാണ്. കടൽക്ഷോഭത്തിനും ശമനമുണ്ട് .മരങ്ങൾ കടപുഴകിയതിനെ തുടർന്ന് മുടങ്ങിയ വൈദ്യുതി ഇനിയും പൂർണമായും പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. ക്യാമ്പുകളിലേക്കു മാറിയവർ അവിടെ തുടരുകയാണ്.

ആലപ്പുഴ ജില്ലയിലും പുലർച്ചവരെ മഴയുണ്ടായിരുന്നു. ശക്തമായ കാറ്റിൽ നിരവധി വീടുകൾ തകർന്നു. ഒറ്റമശ്ശേരി, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ മേഖലയിൽ കടലേറ്റം രൂക്ഷമാണ്. ഇവിടങ്ങളിൽ ഇന്ന് എൻഡിആർഎഫ് സംഘത്തെ നിയോഗിക്കും. കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിൽ കൂടുതൽ വീടുകളിൽ വെള്ളം കയറി. എറണാകുളം ജില്ലയിൽ ഇടവിട്ട് ശക്തമായ മഴ പെയ്യുന്നുണ്ട്. ജില്ലയിൽ 15 ദുരിതാശ്വാസ ക്യാമ്പുകളിലായി നാനൂറിലധികം പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.

കോട്ടയത്ത് രാത്രി മുഴുവൻ ശക്തമായ മഴ പെയ്തു.മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു. പടിഞ്ഞാറൻ മേഖലയിലേക്ക് കൂടുതൽ വെള്ളമെത്തുന്ന സ്ഥിതിയാണ്.രാത്രിയിൽ ശക്തമായ കാറ്റിൽ കുമരകം മേഖലയിൽ നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. പത്തനംതിട്ടയിൽ ഇന്നലെ രാത്രി തന്നെ മഴ കുറഞ്ഞു. അർദ്ധരാത്രിയിൽ എവിടെയും ശക്തമായ മഴ ഉണ്ടായിരുന്നില്ല. രാവിലെ മുടിക്കെട്ടിയ അന്തരീക്ഷമാണെങ്കിലും മഴയില്ല. മലയോര മേഖലയിൽ രാത്രി ഇടവിട്ട് മഴ പെയ്തു. അച്ഛൻ കോവിൽ ആറ്റിൽ നേരിയ രീതിയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. അണക്കെട്ടുകളിൽ നിലവിൽ വെള്ളം തുറന്ന് വിടേണ്ട സാഹചര്യം ഇല്ല.

കോഴിക്കോട് ജില്ലയിൽ ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴ ഇപ്പോഴും തുടരുകാണ്. ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു. കൊയിലാണ്ടി, ബേപ്പൂർ, തോപ്പയിൽ, കോതി എന്നിവിടങ്ങളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിച്ചു. എന്‌‍ിആർഎഫ് സംഘം ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. മലപ്പുറത്തും മഴ തുടരുന്നു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.  പൊന്നാനി, താനൂർ തീരദേശമേഖലകളിൽ കടൽക്ഷോഭത്തിൻ്റെ ശക്തി കുറഞ്ഞിട്ടുണ്ട്.. എൻഡിആർഎഫ് സംഘത്തെ പൊന്നാനിയിൽ വിന്യസിച്ചു. ഇടുക്കി രാത്രി ശക്തമായ മഴ പെയ്തു. മിക്കയിടത്തും വൈദ്യുതി ഇല്ല. ശക്തമായ കാറ്റിൽ നിരവധി സ്ഥലത്തു മരങ്ങൾ കടപുഴകി വീണു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios