പാറശ്ശാലയിൽ ജോലിക്കിടെ കുഴഞ്ഞുവീണ കെഎസ്ഇബി ജീവനക്കാരന് പ്രാഥമിക ചികിത്സ നൽകുന്നതിൽ വീഴ്ചയെന്ന് ആരോപിച്ച് പാറശ്ശാല താലൂക്ക് ആശുപത്രിയിൽ ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും പ്രതിഷേധം. അമ്പൂരി സ്വദേശി സന്തോഷാണ് ജോലിക്കിടെ കുഴഞ്ഞുവീണത്.
തിരുവനന്തപുരം: പാറശ്ശാലയിൽ ജോലിക്കിടെ കുഴഞ്ഞുവീണ കെഎസ്ഇബി ജീവനക്കാരന് പ്രാഥമിക ചികിത്സ നൽകുന്നതിൽ വീഴ്ചയെന്ന് ആരോപിച്ച് പാറശ്ശാല താലൂക്ക് ആശുപത്രിയിൽ ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും പ്രതിഷേധം. അമ്പൂരി സ്വദേശി സന്തോഷാണ് ജോലിക്കിടെ കുഴഞ്ഞുവീണത്. ആശുപത്രിയുടെ തൊട്ടടുത്ത് വെച്ചായിരുന്നു സംഭവം. ജോലിക്കിടെ കുഴഞ്ഞു വീണ സന്തോഷിനെ ഉടൻ തന്നെ സമീപത്തുള്ള പാറശ്ശാല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സന്തോഷിന് പ്രാഥമിക ചികിത്സ കൃത്യമായി നൽകിയില്ലെന്ന് ആരോപിച്ചാണ് ബന്ധുക്കൾ പ്രതിഷേധിച്ചത്. ഓക്സിജൻ നൽകാൻ തയ്യാറായില്ലെന്നും പരാതിയുണ്ട്. പ്രതിഷേധിച്ച ബന്ധുക്കള്‍ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ അനുവദിച്ചില്ല. പിന്നാലെ പൊലീസ് സ്ഥലത്തെത്തി അനുനയ ചർച്ച നടത്തി. പരാതി പരിശോധിക്കാമെന്ന് നെയ്യാറ്റിൻകര ഡിവൈഎസ്പിയും പ്രതിഷേധക്കാർക്ക് ഉറപ്പ് നൽകി. തുടര്‍ന്നാണ് രാത്രിയോടെ പ്രതിഷേധം അവസാനിപ്പിച്ചത്. കെഎസ്ഇബി കരാർ ജീവനക്കാരനാണ് സന്തോഷ്. സന്തോഷിന്‍റെ മൃതദേഹം നാളെ പോസ്റ്റ്മോർട്ടം നടത്തും. അടുത്തിടെയാണ് പാറശ്ശാല താലൂക്ക് ആശുപത്രി പ്രവർത്തനം തുടങ്ങിയത്. മതിയായ സൗകര്യങ്ങളില്ലാതെയാണ് ആശുപത്രി പ്രവർത്തനം തുടങ്ങിയതെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.


