മതിയായ എല്ലാ ചികിത്സയും ഐശ്വര്യക്ക് നൽകിയിരുന്നുവെന്ന് ഐഎംഎ, നിലപാട് ഡോക്ടർമാരെ രക്ഷിക്കാനെന്ന് കുടുംബം
പാലക്കാട്: തങ്കം ആശുപത്രിയിൽ ചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ആശുപത്രിയുടെ ഭാഗത്ത് പിഴവില്ലെന്ന് ഐഎംഎ. മതിയായ എല്ലാ ചികിത്സയും ഐശ്വര്യക്ക് നൽകിയിരുന്നുവെന്ന് ഐഎംഎ പാലക്കാട് പ്രസിഡന്റ് ഡോ. എൻ.എം.അരുൺ പറഞ്ഞു. അമിതമായ രക്തസ്രാവമാണ് ഐശ്വര്യയുടെ മരണത്തിന് ഇടയാക്കിയത്. ഡ്യൂട്ടിയിലുള്ള ഗൈനക്കോളജിസ്റ്റ് തന്നെയാണ് ഐശ്വര്യയെ നോക്കിയത്. ഐശ്വര്യയുടെ ഗർഭപാത്രം നീക്കം ചെയ്യുന്നതിന് അനുമതി വാങ്ങിയിട്ടുണ്ടെന്നും ഡോ. എൻ.എം.അരുൺ പറഞ്ഞു.

അതേസമയം ഐഎംഎയുടെ നിലപാടിനെതിരെ ഐശ്വര്യയുടെ കുടുംബം രംഗത്തെത്തി. ചികിത്സാ പിഴവല്ലെന്ന ഐഎംഎ നിലപാട് അംഗീകരിക്കാനാകില്ലെന്ന് കുടുംബം വ്യക്തമാക്കി. ഐഎംഎ ഇത്തരത്തിൽ നിലപാട് എടുത്തത് ഡോക്ടർമാരെ സംരക്ഷിക്കാനാണ്. ഡോക്ടർമാരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും ഐശ്വര്യയുടെ കുടുംബം വ്യക്തമാക്കി.
അമ്മയും നവജാത ശിശുവും മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പാലക്കാട് ഡിഎംഒ നേരത്തെ വ്യക്തമാക്കിയിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടും മറ്റ് വിവരങ്ങളും കിട്ടിയ ശേഷം അന്വേഷണം തുടങ്ങും. ചികിത്സാ പിഴവുണ്ടെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ഡിഎംഒ പറഞ്ഞു. അമിത രക്തസ്രാവമുണ്ടായതാണ് ഐശ്വര്യയുടെ മരണ കാരണമെന്നാണ് പ്രാഥമിക വിവരം. വിശദമായ റിപ്പോർട്ട് ലഭിച്ചാലേ വ്യക്തത വരൂ എന്ന് പാലക്കാട് ഡിവൈഎസ്‍പി പറഞ്ഞു. ചികിത്സാ പിഴവിനെ തുടർന്നാണ് ഐശ്വര്യ പ്രസവത്തോടെ മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഐശ്വര്യയുടെ കുഞ്ഞ് തലേ ദിവസം മരിച്ചിരുന്നു.
സംഭവത്തിൽ, ചികിത്സാ പിഴവിന് മൂന്ന് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവജന കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് ജില്ലാ പൊലീസ് മേധാവിയോട് കമ്മീഷൻ നിർദേശിച്ചു. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.
ആറ് ദിവസം മുമ്പാണ് 25കാരിയായ ഐശ്വര്യയെ തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിസേറിയൻ വേണമെന്നായിരുന്നു ഡോക്ടർമാർ ആദ്യം അറിയിച്ചത്. പിന്നീട് സാധാരണ പ്രസവം മതിയെന്നായി. കുട്ടിയെ പുറത്തെടുത്തത് വാക്വം ഉപയോഗിച്ചാണ്. ഇതിനിടെ ഐശ്വര്യക്ക് അമിത രക്തസ്രാവമുണ്ടായി. തുടർന്ന് ഐശ്വര്യയെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. നവജാത ശിശുവിന്റെ കഴുത്തിൽ പൊക്കിൾക്കൊടി വരിഞ്ഞു മുറുകിയ നിലയിലായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ട് റിപ്പോർട്ട്.
