Asianet News MalayalamAsianet News Malayalam

'ജനിക്കുമ്പോൾ കുഞ്ഞു കരഞ്ഞിരുന്നുവെന്ന് യുവതി പറഞ്ഞു; പിന്നീട് ആൺസുഹൃത്തിന് കൈമാറി'; ഡോക്ടറുടെ നിർണായക മൊഴി

പ്രസവ ശേഷം 24 മണിക്കൂറിനുള്ളിലാണ് യുവതി കുഞ്ഞിനെ ആൺ സുഹൃത്തിനു കൈമാറിയത്. അത് വരെ കുഞ്ഞിനെ സൺഷൈഡിൽ സ്റ്റെയർ കേസിനു അടുത്തും ഒളിപ്പിച്ചു വെയ്ക്കാനുള്ള സാധ്യതയുണ്ടെന്നുമാണ് പൊലീസ് നിഗമനം. 

 Death of newborn baby in Alappuzha;  The doctor's crucial statement to the police
Author
First Published Aug 13, 2024, 9:03 AM IST | Last Updated Aug 13, 2024, 11:00 AM IST

ആലപ്പുഴ: ആലപ്പുഴയിലെ നവജാത ശിശുവിന്റെ മരണത്തിൽ വഴിത്തിരിവ്‌. യുവതിയെ ചികിൽസിക്കുന്ന ഡോക്ടറുടെ നിർണായക മൊഴി പൊലീസിന് ലഭിച്ചു. മൊഴിയുടെ അടിസ്ഥാനത്തിൽ മരണം കൊലപാതകമാണോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. കുഞ്ഞു ജനിക്കുമ്പോൾ കരഞ്ഞിരുന്നുവെന്നു യുവതി ഡോക്ടറോട് പറഞ്ഞിരുന്നു. 

പ്രസവ ശേഷം 24 മണിക്കൂറിനുള്ളിലാണ് യുവതി കുഞ്ഞിനെ ആൺ സുഹൃത്തിനു കൈമാറിയത്. അത് വരെ കുഞ്ഞിനെ സൺഷൈഡിൽ സ്റ്റെയർ കേസിനു അടുത്തും ഒളിപ്പിച്ചു വെയ്ക്കാനുള്ള സാധ്യതയുണ്ടെന്നുമാണ് പൊലീസ് നിഗമനം. അതേസമയം, പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ ഇന്ന് കോടതിയിൽ അപേക്ഷ നൽകും. ഇവരെ ഒരുമിച്ചു ഇരുത്തി ചോദ്യം ചെയ്താലേ ചിത്രം വ്യക്തമാകൂ എന്ന് അന്വേഷണ സംഘം പറയുന്നു. താൻ ഗർഭിണി ആയിരുന്നുവെന്നു യുവാവ് അറിഞ്ഞത് അപ്പോൾ മാത്രമെന്ന് യുവതിയുടെ മൊഴി നൽകിയിട്ടുണ്ട്. ചികിത്സയിലുള്ള യുവതി വൈകാതെ ആശുപത്രി വിടും. അതിനു ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. 

ഈ മാസം 6-ആം തിയതിയാണ് യുവതിയുടെ പ്രസവം നടന്നത്. 7 നാണ് കുട്ടിയെ കുഴിച്ച് മൂടുന്നത്. വീട്ടുകാരിൽ നിന്ന് യുവതി വിവരം മറച്ചു വെച്ചു. പിന്നീടാണ് ശാരീരിക അസ്വസ്ഥതകളെന്ന് പറഞ്ഞ് യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തുന്നത്. ആശുപത്രി അധികൃതർ കുഞ്ഞിനെ തിരക്കിയപ്പോൾ അമ്മത്തൊട്ടിലിൽ ഏൽപിച്ചു എന്നാണ് ഇവർ പറഞ്ഞത്. പിന്നീട് ബന്ധുക്കൾക്ക് കൈമാറിയെന്നും വീട്ടിലുണ്ടെന്നും പരസ്പര വിരുദ്ധമായ മൊഴികൾ നൽകി. സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൂച്ചാക്കൽ പൊലീസിൽ വിവരമറിയിച്ചത്. പൊലീസെത്തി മൊഴിയെടുത്തപ്പോഴും വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. 

പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുഞ്ഞിനെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്. അതേസമയം കുഞ്ഞിനെ ഇവർ കൊലപ്പെടുത്തിയതാണോ അതോ പ്രസവത്തിൽ തന്നെ കുഞ്ഞ് മരിച്ചിരുന്നോ എന്ന കാര്യം പൊലീസ് സ്ഥിരീകരിക്കുന്നതേയുള്ളൂ. കുഞ്ഞിന്റെ മൃതദേഹം യുവതി ആൺസുഹൃത്തായ തകഴി സ്വദേശിക്ക് കൈമാറിയെന്നും ഇയാൾ മറ്റൊരു സു​ഹൃത്തിനൊപ്പം പോയി തകഴി കുന്നുമ്മലിൽ  മൃതദേഹം മറവ് ചെയ്തു എന്നുമാണ് പ്രാഥമിക നി​ഗമനമെന്ന് പൊലീസ് പറയുന്നു. കുഴിച്ചു മൂടിയ സ്ഥലം വ്യക്തമായതായി പൊലീസ് അറിയിച്ചു. 

മെഡിക്കൽ സർവീസസ് കോർപറേഷനിൽ വിജ്ഞാപനം ഇല്ലാതെ നിയമിച്ചത് 186 പേരെ; ഇപ്പോഴും തുടരുന്നത് 135 പേർ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios