പുതുക്കാട് നവജാത ശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ കേസിൽ രണ്ടാമത്തെ കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തി. ഭവിന്‍റെ വീടിന്റെ പരിസരത്ത് നിന്നാണ് കുട്ടിയുടെ അവശിഷ്ടങ്ങൾ കിട്ടിയത്.

തൃശ്ശൂർ: പുതുക്കാട് നവജാത ശിശുക്കളെ അമ്മ അനീഷ കൊന്നു കുഴിച്ചു മൂടിയ സംഭവത്തിൽ രണ്ടാമത്തെ കുഞ്ഞിന്റെ ശരീരാവശിഷ്ടങ്ങളും കണ്ടെത്തി. ഭവിന്‍റെ വീടിന്റെ പരിസരത്ത് നിന്നുമാണ് കുട്ടിയുടെ അവശിഷ്ടങ്ങൾ കിട്ടിയത്. പരിശോധന പൂർത്തിയായതായും പൊലീസ് അറിയിച്ചു. അസ്ഥിയുടെ അവശിഷ്ടങ്ങൾ ആണ് കണ്ടെത്തിത്. 

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷണങ്ങളാണ് കണ്ടെത്തിയത്. കൊലപാതകം നടന്ന് എട്ട് മാസങ്ങൾക്ക് ശേഷമാണ് കുഴികൾ തുറന്ന് ഒരു കുട്ടിയുടെ അസ്ഥി എടുക്കുന്നത്. മണ്ണിന്റെ അവശിഷ്ടങ്ങളും ഫോറൻസിക് സംഘം ശേഖരിച്ചിട്ടുണ്ട്. ഒന്നാം പ്രതി അനീഷ ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട അനീഷയുടെ വീടിന്റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട രണ്ടാം പ്രതി ഭവിന്‍റെ വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

പ്രതി അനീഷ ശുചിമുറിയിൽ പ്രസവിച്ചത് യൂട്യൂബ് നോക്കിയാണെന്ന വിവരം ഇന്ന് രാവിലെ പുറത്തു വന്നിരുന്നു. ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചതും പ്രതിക്ക് സഹായകമായെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. വയറിൽ തുണികെട്ടി വെച്ച് ​ഗർഭാവസ്ഥ മറച്ചുവെച്ചു. അതുപോലെ പ്രസവകാലം മറച്ചു‌പിടിക്കാൻ ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കി. ആദ്യ കുഞ്ഞിനെ കുഴിച്ചിടാൻ വീടിന്റെ പിൻഭാഗത്താണ് ആദ്യം കുഴിയെടുത്തത്. എന്നാൽ അയൽവാസി ഗിരിജ ഇത് കണ്ടതിനാൽ ആ സ്ഥലം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് വീടിന്റെ ഇടതുഭാഗത്തെ മാവിൻ ചുവട്ടിൽ കുഴിച്ചിട്ടു.

2021 നവംബർ ആറിനും 2024 ഓഗസ്റ്റ് 29 നുമാണ് നവജാത ശിശുക്കളെ ശ്വാസംമുട്ടിച്ച് കൊന്നത്. 2020 ലാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഭവിനുമായി അനീഷ പ്രണയത്തിലാവുന്നത്. തുടർന്നാണ് 2021 ൽ ആദ്യ ആൺകുഞ്ഞിനെ പ്രസവിക്കുന്നത്. ഈ കുട്ടിയെ അനീഷ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം വീട്ടുപറമ്പിൽ രഹസ്യമായി കുഴിച്ചിടുകയായിരുന്നു.

പിന്നീടും ഭവിനുമായി ബന്ധം തുടർന്ന അനീഷ 2024-ൽ വീണ്ടും ഗർഭിണിയായി. ഏപ്രിൽ 24-ന് വീട്ടിലെ മുറിയിൽ വെച്ച് രണ്ടാമതും ഒരാൺകുഞ്ഞിനെ പ്രസവിച്ച അനീഷ കുഞ്ഞ് കരഞ്ഞതോടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് കുഞ്ഞിന്‍റെ മൃതദേഹം ഭവിന്‍റെ ആമ്പല്ലൂരിലെ വീട്ടുപറമ്പിൽ ഇരുവരും ചേർന്ന് രഹസ്യമായി കുഴിച്ചുമൂടിയെന്നാണ് അനീഷ നൽകിയ മൊഴി. രണ്ടിടത്തും പൊലീസും ഫോറൻസിക് സംഘവും പരിശോധന തുടരുകയാണ്. അനീഷയുമായി ഇന്നലെ പൊലീസ് സംഭവ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ബവിനെയും അനീഷയെയും ഇന്നു കോടതിയിൽ ഹാജരാക്കും.