24 മണിക്കൂറിനിടെ 3,66,161 പേര്‍ക്ക് കൂടി രോഗബാധയുണ്ടായെന്നാണ് ഔദ്യോഗിക കണക്ക്. 3754 മരണങ്ങളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തക്കാേള്‍ രോഗവ്യാപനത്തില്‍ നേരിയ താഴ്ചയുണ്ടെങ്കിലും  ഞായറാഴ്ച പരിശോധനകളുടെ എണ്ണം കുറവായിരുന്നു

ദില്ലി: കൊവിഡ് വ്യാപനം തീവ്രമാകുമ്പോള്‍ രാജ്യത്ത് മരണനിരക്ക് ഉയരുന്നു.ഒരാഴ്ചക്കിടെ 15 ശതമാനം വര്‍ധനയാണ് മരണനിരക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാംതരംഗം ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ ആശങ്ക രേഖപ്പെടുത്തിയ സേണിയഗാന്ധി കേന്ദ്രം ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് കുറ്റപ്പെടുത്തി.

24 മണിക്കൂറിനിടെ 3,66,161 പേര്‍ക്ക് കൂടി രോഗബാധയുണ്ടായെന്നാണ് ഔദ്യോഗിക കണക്ക്. 3754 മരണങ്ങളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തക്കാേള്‍ രോഗവ്യാപനത്തില്‍ നേരിയ താഴ്ചയുണ്ടെങ്കിലും ഞായറാഴ്ച പരിശോധനകളുടെ എണ്ണം കുറവായിരുന്നു. കഴിഞ്ഞ ഒരാഴ്ച മാത്രം 27. 4 ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 27243 പേര്‍ മരിച്ചു. തൊട്ട് മുന്‍പിലുള്ള ആഴ്ചയിലെ ആകെ മരണസംഖ്യ 23781 ആയിരുന്നു. മരണനിരക്കില്‍ പതിനഞ്ച് ശതമാനം വര്‍ധനയാണ് ഒരാഴ്ചക്കിടെ രേഖപ്പെടുത്തിയിരിക്കുന്നത്. 

കഴിഞ്ഞ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മരണനിരക്കില്‍ ഓരോ ശതമാനത്തിന്‍റെ വീതം വര്‍ധനയും ഉണ്ടായി. രണ്ടാംതരംഗത്തിന്‍റെ തുടക്കത്തില്‍ മരണനിരക്കില്‍ വലിയ വര്‍ധനയില്ലായിരുന്നെങ്കിലും തുടര്‍ന്നങ്ങോട്ടുള്ള ഘട്ടങ്ങളില്‍ മരണനിരക്ക് ഉയരുന്നത് കേന്ദ്രത്തെ ആശങ്കപ്പെടുത്തുന്നണ്ട്. അതേ സമയം ആകെ രോഗബാധിതരുടെ എണ്ണം മുന്‍ ആഴ്ചയെ അപേക്ഷിച്ച് അഞ്ച് ശതമാനം കുറഞ്ഞതായാണ് കണക്കുകള്‍ രേഖപ്പെടു്ത്തുന്നത്. 

ഈയാഴ്ചത്തെ വ്യാപന ചിത്രം കൂടി തെളിഞ്ഞാല്‍ രണ്ടാം തരംഗം വീണ്ടും കുതിക്കുമോ അതോ താഴുമോ എന്ന് വ്യക്തമാകും. ഇതിനിടെ വാക്സീന്‍ ക്ഷാമം രൂക്ഷമാകുന്നുവെന്ന സംസ്ഥാനങ്ങളുടെ പരാതിയില്‍ കേന്ദ്രം ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ദില്ലിയില്‍ ഒരു ദിവസത്തേക്ക് നല്‍കാന്‍ മാത്രമേ കൊവാക്സിന്‍ ഉള്ളൂവെന്നും, കൊവിഷീല്‍ഡ് സ്റ്റോക്ക് മൂന്ന് ദിവസത്തിനുള്ളില്‍ തീരുമെന്നും സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അതേ സമയം വാക്സിനേഷന്‍റെ ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്ക് നല്‍കി കേന്ദ്രം തലയൂരിയെന്ന് സോണിയ ഗാന്ധി വിമര്‍ശച്ചു. സൗജന്യ വാക്സിനേഷന്‍ കേന്ദ്രത്തിന് തന്നെ നടപ്പിലാക്കാമായിരുന്നെന്നും സോണിയാഗാന്ധി പറഞ്ഞു.