നടക്കാവ് സി ഐ യൂണിഫോമിൽ അല്ലായിരുന്നെങ്കിൽ ശവം ഒഴുകി നടന്നേനെ എന്നാണ് ബിജെപി ജില്ലാ സെക്രട്ടറി റിനീഷ് പ്രസംഗിച്ചത്.
കോഴിക്കോട്: പൊലീസിനെതിരെ കൊലവിളി പ്രസംഗവുമായി ബിജെപി നേതാക്കൾ. യുവമോർച്ച പ്രവർത്തകനെ മർദ്ദിച്ച കോഴിക്കോട് നടക്കാവ് സി ഐ ജിജീഷിനെതിരെയാണ് ബിജെപി ജില്ലാ നേതാക്കള്‍ കൊലവിളി നടത്തിയത്. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി വീശാൻ ശ്രമിച്ചവരെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ കമ്മീഷണർ ഓഫീസ് മാർച്ചിലായിരുന്നു കൊലവിളി പ്രസംഗം.

ഞായറാഴ്ച കോഴിക്കോട്ടെത്തിയ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ കരിങ്കൊടി പ്രതിഷേധത്തിൽ യുവമോർച്ച ജില്ല നേതാവ് വൈഷ്ണവേഷിന് പൊലീസ് മർദ്ദനമേറ്റിരുന്നു. നടക്കാവ് എസ്എച്ച്ഒ പി കെ ജിജീഷിന്‍റെ മര്‍ദ്ദനത്തില്‍ വൈഷ്ണവേശിന്‍റെ മുഖക്ക് പരിക്കേറ്റതായാണ് പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി - യുവമോർച്ച പ്രവർത്തകർ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് ഇന്ന് നടത്തിയ മാർച്ചിനൊടുവിലായിരുന്നു കൊലവിളി പ്രസംഗം. ബിജെപി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി എം മോഹനൻ ജില്ല സെക്രട്ടറിയും കോർപ്പറേഷൻ കൗൺസിറുമായ റിനീഷുമാണ് പ്രകോപനപരമായ ആയിരുന്നു പ്രസംഗം.
നടക്കാവ് സി ഐ യൂണിഫോമിൽ അല്ലായിരുന്നെങ്കിൽ ശവം ഒഴുകി നടന്നേനെ എന്നാണ് ബിജെപി ജില്ലാ സെക്രട്ടറി റിനീഷ് പ്രസംഗിച്ചത്. ജയിൽവാസം അനുഭവിക്കുന്ന ബിജെപിക്കാർ മാങ്ങാ പറിച്ചിട്ടല്ല ജയിലിൽ പോയതെന്നും റിനീഷ് പ്രസംഗിച്ചു. കോർപറേഷൻ കൗൺസിലർ കൂടിയാണ് റിനിഷ്. സി ഐ ജിജീഷിന്‍റെ കൈ വെട്ടിമാറ്റും എന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എം മോഹനനും പറഞ്ഞു.
പ്രസംഗത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച കസബ പൊലീസ് വധഭീഷണിക്കുറ്റം ചുമത്തി ഇരുവര്‍ക്കുമെതിരെ കേസ് എടുത്തു. വൈഷ്ണവേഷിനെ തടഞ്ഞുവച്ച് മർദ്ദിച്ച നടക്കാവ് ഇൻസ്പെക്ടർ ജിജീഷിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന ആവശ്യവും ബിജെപി ഉന്നയിച്ചിട്ടുണ്ട്.
