കൊച്ചി: മരടിൽ പൊളിച്ച ഫ്ലാറ്റുകളുടെ അവശിഷ്ടം എന്ന് നീക്കി തീരുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. അവശിഷ്ടങ്ങൾ വേർതിരിക്കാനുള്ള സമയപരിധി തിങ്കളാഴ്ച്ച അവസാനിച്ചതോടെ കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുകയാണ് വിജയ് സ്റ്റീൽസ്. അവശിഷ്ടങ്ങൾ നീക്കുന്നത് നീളുന്നതിനാൽ പ്രദേശവാസികളുടെ ദുരിതത്തിനും ശമനമില്ല.

നാല്‌ ഫ്ലാറ്റുകളുടേതായി 76,350 ടൺ അവശിഷ്‌ടമാണുള്ളത്. ഫ്ലാറ്റ് പൊളിച്ച് നാൽപ്പത്തിയഞ്ച് ദിവസത്തിനകം അവശിഷ്ടങ്ങൾ വേർതിരിക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. എന്നാൽ നാൽപത്തിയെട്ട് ദിവസം കഴിഞ്ഞിട്ടും കോണ്‍ക്രീറ്റിൽ നിന്ന് കമ്പി വേർതിരിക്കുന്നത് പൂർത്തിയായിട്ടില്ല. ഹോളിഫെയ്ത് അപ്പാർട്ട്മെന്റിലെ അവശിഷ്ടങ്ങളിൽ അറുപത് ശതമാനവും നീക്കിയെന്നാണ് വിജയ് സ്റ്റീൽസ് അധികൃതർ പറയുന്നത്. മറ്റ് മൂന്ന് ഫ്ലാറ്റുകളിലെയും മുപ്പത് ശതമാനം അവശിഷ്ടം മാത്രമാണ് നീക്കിയത്.

വെള്ളം തളിക്കുന്നുണ്ടെങ്കിലും പൊടിശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. വിള്ളൽ വീണ വീടുകളുടെ കേടുപാടുകൾ തീർക്കുന്നത് വൈകുന്നതായും നാട്ടുകാർ പറയുന്നു. ജോലികൾ എത്രയും വേഗം പൂർത്തിയാക്കാനാണ് ശ്രമമെന്നാണ് വിജയ് സ്റ്റീൽസ് അധികൃതരുടെ വാദം. കമ്പി വേർതിരിക്കുന്നത് പൂർത്തിയായാൽ ഇരുപത് ദിവസം കൊണ്ട് എല്ലാ ഫ്ലാറ്റുകളിലെയും അവശിഷ്ടങ്ങൾ പൂർണ്ണമായും നീക്കാനാകുമെന്ന് കരാർ ഏറ്റെടുത്തിരിക്കുന്ന പ്രോംപ്റ്റ് എന്‍റര്‍പ്രൈസസ് അധികൃതർ പറയുന്നു.