Asianet News MalayalamAsianet News Malayalam

M G University | ദീപയുടെ നിരാഹാരസമരം തുടരുന്നു: വിഷയത്തിൽ കളക്ടറുടെ ഇടപെടൽ വൈകുന്നു

ജാതി വിവേചനത്തിന്റെ പേരിൽ സർവകലാശാലയിലെ നാനോ സയൻസസിൽ ഗവേഷണത്തിന് സൗകര്യമൊരുക്കിയില്ല എന്നാണ് ദീപയുടെ ആരോപണം

deepa mohanan continues her strike before MG university
Author
Kottayam, First Published Nov 3, 2021, 1:21 PM IST

കോട്ടയം: എംജി സർവകലാശാലയ്ക്ക് എതിരെ ജാതി അധിക്ഷേപ ആരോപണം ഉന്നയിച്ച ദളിത് വിദ്യാർത്ഥി ദീപയുടെ (Deepa P Mohanan) നിരാഹാര സമരം തുടരുന്നു. വിഷയത്തിലെ കളക്ടറുടെ (kottayam Collector) ഇടപെടൽ വൈകുകയാണ്. കളക്ടർ ചർച്ച നടത്തുമെന്ന് ഇന്നലെ തഹസിൽദാർ ഉറപ്പ് നൽകിയിരുന്നു. അതേസമയം ദീപയ്ക്ക് എല്ലാ സൗകര്യവും ഒരുക്കാമെന്നും സമരം അവസാനിപ്പിക്കണമെന്നും എം.ജി വൈസ് ചാൻസലർ സാബു തോമസ് (MG University Vice Chancellor)  പറഞ്ഞു

ദീപ പി.മോഹനന്റെ  നിരാഹാര സമരം ആറാം ദിവസത്തിലേക്ക് നീങ്ങുമ്പോൾ ആണ് നിലപാട് വ്യക്തമാക്കി വൈസ് ചാൻസലർ രംഗത്ത് എത്തിയത്. ജാതി വിവേചനത്തിന്റെ പേരിൽ സർവകലാശാലയിലെ നാനോ സയൻസസിൽ ഗവേഷണത്തിന് സൗകര്യമൊരുക്കിയില്ല എന്നാണ് ദീപയുടെ ആരോപണം. ഇക്കാര്യത്തിൽ കോടതി ഉത്തരവ് പാലിക്കാനും സർവകലാശാല തയ്യാറായില്ലെന്ന് ദീപ പറയുന്നു. എന്നാൽ ദീപയുടെ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് വിസി സാബു തോമസ്. ദീപയോട് ജാതി വിവേചനം നടത്തിയിട്ടില്ലെന്നും വിസി പറയുന്നു. താൻ ഗൈഡായി ഗവേഷണത്തിന് ദീപയ്ക്ക് എല്ലാ സൗകര്യവും സർവ്വകലാശാല ഒരുക്കുമെന്നും വിസി വ്യക്തമാക്കി. മാസങ്ങളായി ദീപ സർവ്വകലാശാലയ്ക്ക് എതിരെ പ്രതിഷേധവും സമരവുമായി രംഗത്തുണ്ടെങ്കിലും നിസ്സംഗ നിലപാടാണ് ഇതുവരെ അധികൃതർ സ്വീകരിച്ചിരുന്നത്. 

തിങ്കളാഴ്ച വിസിയും ദീപയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ആരോപണവിധേയനായ അധ്യാപകനെ പുറത്താക്കണമെന്ന് ദീപയുടെ ആവശ്യം വിസി അംഗീകരിച്ചിരുന്നില്ല. അതിനിടെ വിഷയത്തിൽ കളക്ടറുടെ ഇടപെടൽ വൈകുകയാണ്. ഇന്നലെ ദീപക്ക് തഹസിൽദാർ ഉറപ്പുനൽകിയ ചർച്ച എപ്പോൾ നടക്കുമെന്ന് വ്യക്തമല്ല. ദീപയ്ക്കോ വിസിക്കോ ചർച്ചയെ കുറിച്ച് ഇതുവരെ അറിയിപ്പ് കിട്ടിയിട്ടില്ല. ഇന്നലെ രാത്രിയാണ് നിരാഹാര പന്തലിൽ എത്തി തഹസിൽദാർ കളക്ടറുടെ ഇടപെടൽ ഉറപ്പ് നൽകിയത്. അതിനിടെ ദീപക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ദളിത് സംഘടനകൾ സമര പന്തലിലേക്ക് മാർച്ച് നടത്തി.

Follow Us:
Download App:
  • android
  • ios