ബസ്സിൽ വച്ച് ലൈംഗികാതിക്രമം നടന്നെന്ന ആരോപണത്തിൽ ഷിംജിത ഉറച്ചുനിൽക്കുകയാണ്. ഇക്കാര്യം കോടതിയിലും ആവർത്തിക്കും. സംഭവം നടന്ന ബസ്സിലെ സിസിടിവിയിൽ നിന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് പൊലീസിൻ്റെ റിപ്പോർട്ട്.

കോഴിക്കോട്: സ്വകാര്യ ബസ്സില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കുന്ദമംഗലം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ബസ്സിൽ വച്ച് ലൈംഗികാതിക്രമം നടന്നെന്ന ആരോപണത്തിൽ ഷിംജിത ഉറച്ചുനിൽക്കുകയാണ്. ഇക്കാര്യം കോടതിയിലും ആവർത്തിക്കും. സംഭവം നടന്ന ബസ്സിലെ സിസിടിവിയിൽ നിന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് പൊലീസിൻ്റെ റിപ്പോർട്ട്. ഇക്കാര്യമുൾപ്പെടെ ചൂണ്ടിക്കാട്ടിയാകും പ്രോസിക്യൂഷൻ്റെ വാദം. ഷിംജിതയ്ക്ക് നേരെ ബസ്സിൽ വച്ച് ലൈംഗികാതിക്രമം ഉണ്ടായെന്ന് കഴിഞ്ഞ ദിവസം സഹോദരൻ പയ്യന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അറസ്റ്റിലായ പ്രതി നിലവിൽ മഞ്ചേരി വനിതാ ജയിലിലാണുള്ളത്.

അതേസമയം, റിമാൻഡിൽ കഴിയുന്ന പ്രതി ഷിംജിതയുടെ പരാതിയിൽ കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെന്നും പരാതിയിൽ പരിശോധന നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഷിംജിതയുടെ സഹോദരൻ ഇ മെയിൽ വഴിയാണ് പരാതി നൽകിയത്. അതേസമയം പരാതിയിൽ ആരുടെയും പേര് ഇല്ല. ഷിംജിതക്കായി ഇതുവരേയും പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ല. ഷിംജിതയുടെ ഫോൺ ശാസ്ത്രീയ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. പരിശോധന വേഗത്തിലാക്കാനും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.