ബിജെപി എംപി കങ്കണ റണാവത്ത് നഴ്‌സിംഗിനെ 'സെക്ഷ്വലൈസ്ഡ് പ്രൊഫഷൻ' എന്ന് വിശേഷിപ്പിച്ചതിനെതിരെ കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ് രൂക്ഷവിമർശനം ഉന്നയിച്ചു. ഈ പ്രസ്താവന നഴ്‌സുമാരുടെ ആത്മാഭിമാനത്തെ മുറിവേൽപ്പിച്ചുവെന്നും, മനുഷ്യജീവൻ രക്ഷിക്കുന്ന കരുണയുടെ കൈകളാണ് അവരെന്നും ദീപ്തി പറഞ്ഞു. 

കൊച്ചി: നഴ്‌സിംഗ് ഒരു 'സെക്ഷ്വലൈസ്ഡ് പ്രൊഫഷൻ' ആണെന്ന ബിജെപി എംപി കങ്കണ റണാവത്തിന്‍റെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. കങ്കണയുടെ പ്രസ്താവന നഴ്‌സിംഗ് മേഖലയെ മാത്രമല്ല, ഈ തൊഴിൽ ആത്മാർത്ഥതയോടെ നിർവഹിക്കുന്ന ലക്ഷക്കണക്കിന് നഴ്‌സുമാരുടെ ആത്മാഭിമാനത്തെയാണ് മുറിവേൽപ്പിച്ചിരിക്കുന്നതെന്ന് അവർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ചീപ്പ് പബ്ലിസിറ്റിക്കും പുതിയ സിനിമയുടെ പ്രമോഷനും വേണ്ടി സ്വന്തം പാർട്ടിക്കാരുടെ വരെ ആത്മാഭിമാനം പണയം വയ്ക്കുന്ന എംപിക്കെതിരെ പ്രതികരിക്കാൻ ബിജെപി പ്രവർത്തകർ തന്നെ മുന്നോട്ടുവരണമെന്ന് ദീപ്തി ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'അത് കരുണയുടെ കൈകൾ; കേവലം ഒരു തൊഴിലല്ല'

നഴ്‌സുമാർ എന്നത് കേവലം ഒരു തൊഴിൽ വിഭാഗമല്ലെന്നും, മനുഷ്യജീവൻ രക്ഷിക്കുന്ന കരുണയുടെ കൈകളാണെന്നും ദീപ്തി മേരി വർഗീസ് ഓർമ്മിപ്പിച്ചു. "പ്രസവമുറിയിലും, അത്യാഹിത വാർഡുകളിലും, ഐസിയുവിലും, മഹാമാരികളുടെ നടുവിലും സ്വന്തം കുടുംബത്തെ പോലും മറന്ന് രോഗികളുടെ ജീവനുവേണ്ടി പോരാടുന്നവരാണ് നഴ്‌സുമാർ. കൊവിഡ് കാലത്ത് ലോകം കൈയടിച്ച് ആദരിച്ച അതേ നഴ്‌സുമാരെയാണ് ഇന്ന് ഒരു ജനപ്രതിനിധി അപമാനകരമായ വിശേഷണങ്ങളാൽ വേട്ടയാടുന്നത്." - ദീപ്തി മേരി വർഗീസ് പറഞ്ഞു.

എത്രയോ ബിജെപി പ്രവർത്തകരുടെ ഭാര്യമാരും മക്കളും ബന്ധുക്കളും നഴ്‌സിംഗ് മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച ദീപ്തി, പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഇതിനെതിരെ പ്രതിഷേധം ഉയരണമെന്ന് ആവശ്യപ്പെട്ടു. ഒരു സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തിന്റെ നട്ടെല്ലായ നഴ്‌സുമാരുടെ സേവനത്തെ ആദരിക്കേണ്ട സ്ഥാനത്തിരിക്കുന്നവർ തന്നെ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് അത്യന്തം ദൗർഭാഗ്യകരമാണെന്നും അവർ കൂട്ടിച്ചേർത്തു. രോഗിയുടെ വേദന സ്വന്തം വേദനയായി ഏറ്റെടുക്കുന്നവരാണ് നഴ്‌സുമാരെന്നും, അവരുടെ യൂണിഫോമിൽ അർപ്പണബോധവും മാനവികതയും മാത്രമേ കാണാൻ പാടുള്ളൂവെന്നും കുറിപ്പിൽ പറയുന്നു. അവരെ അപമാനിക്കുന്ന തരത്തിലുള്ള വികലമായ കാഴ്ചപ്പാടുകളല്ല സമൂഹത്തിന് വേണ്ടത്. നഴ്‌സിംഗ് സമൂഹത്തോട് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും, അവരുടെ ത്യാഗപൂർണ്ണമായ സേവനത്തിന് മുന്നിൽ ആദരവോടെ തലകുനിക്കുന്നതായും വ്യക്തമാക്കിയാണ് ദീപ്തി മേരി വർഗീസ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.