തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ചേർന്ന സിപിഎം പാലക്കാട് ജില്ലാ സമിതിയിൽ പി കെ ശശിക്കെതിരെ രൂക്ഷവിമർശനം ഉയർന്നു. ന്യൂനപക്ഷ വിരുദ്ധരെന്ന പ്രചാരണം ചെറുക്കുന്നതിൽ പാർട്ടിക്ക് വീഴ്ച പറ്റിയെന്നും സംഘടനാ പ്രശ്നങ്ങൾ തിരിച്ചടിയായെന്നും റിപ്പോർട്ടിൽ പറയുന്നു.
പാലക്കാട്: രഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ചേർന്ന സിപിഎം പാലക്കാട് ജില്ല വിപുലീകൃത സമിതിയിൽ പി കെ ശശിക്കെതിരെ നടപടി വൈകിയത് തിരിച്ചടിയായെന്ന് വിമർശനം. കെടിഡിസി ചെയർമാൻ സ്ഥാനത്ത് തുടരാൻ അനുവദിച്ചത് ശരിയായില്ല. ശശിയോട് നേതൃത്വത്തിലെ ചിലർ അനുഭാവ പൂർവമായ നിലപാട് സ്വീകരിച്ചു. ഇത് പ്രവർത്തകരിൽ ഭിന്നാഭിപ്രായത്തിന് ഇടയാക്കിയെന്നും വിമര്‍ശനം ഉയർന്നു. തൃത്താലയിലെ തോൽവിക്ക് പ്രാദേശിക വിഭാഗീയത കാരണമായി. ഇത് പരിഹരിക്കാൻ ജില്ലാ സെക്രട്ടറി ഒന്നും ചെയ്തില്ല.
ന്യൂനപക്ഷ വിരുദ്ധരെന്ന പ്രചാരണത്തെ ചെറുക്കുന്നതിൽ പാർട്ടിക്ക് വീഴ്ച പറ്റിയെന്നും പ്രവർത്തന റിപ്പോർട്ടിൽ വിമർശനമുണ്ട്. തെരഞ്ഞെടുപ്പ് തോൽവിയിൽ സംഘടനാ വീഴ്ചകൾ ഉണ്ടായി. മലപ്പുറത്ത് ഉൾപ്പെടെ ഇത് വലിയ തോൽവിക്ക് കാരണമായി. പാർട്ടിക്കെതിരായ സന്ദേശം ലീഗ് ജനങ്ങളിൽ എത്തിച്ചു. അത് പ്രതിരോധിക്കാനായില്ല. മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നവരെ ചേർത്തുപിടിക്കണം എന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, സിപിഎം കോട്ടയം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പാർട്ടി സംഘടനാതലത്തിൽ നിർണായക മാറ്റങ്ങൾക്ക് തീരുമാനമായി. ജില്ലാ സെക്രട്ടേറിയറ്റിലേക്ക് പി ഷാനവാസിനെയും ജില്ലാ കമ്മിറ്റിയിലേക്ക് ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറി കെ ഡി സുഗതനെയും ഉൾപ്പെടുത്തി. കൂടാതെ ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് അർച്ചന സദാശിവൻ, സെക്രട്ടറി ടി എസ് ശരത്ത്, ഏറ്റുമാനൂർ ഏരിയ സെക്രട്ടറി ബാബു ജോർജ്, വൈക്കം ഏരിയ സെക്രട്ടറി പി ശശിധരൻ, എ കെ എസ് സംസ്ഥാന സെക്രട്ടറി പി കെ വിജയകുമാർ എന്നിവരെ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളായും തെരഞ്ഞെടുത്തു.
വിശാല ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം സംസാരിച്ച ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ പാർട്ടിയുടെ വിവിധ പ്രമേയങ്ങളും കർശന നിർദേശങ്ങളും വിശദീകരിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് നേരെയുണ്ടായ പൊലീസ് നടപടിക്കെതിരെയും, പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇ ഡി നടപടിക്കെതിരെയും, കോട്ടയം ജില്ലയിലെ ഇ എസ് എ (ESA) വിഷയം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ജില്ലാ കമ്മിറ്റി പ്രമേയങ്ങൾ പാസാക്കിയത്.


