കേരളത്തിലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിലെ കാലതാമസം വലിയ വിജയത്തിന് മങ്ങലേൽപ്പിച്ചുവെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തുറന്നു സമ്മതിച്ചു. ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഉടൻ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു
തിരുവനന്തപുരം: അധികാരത്തിൽ തിരിച്ചെത്തി ദിവസങ്ങൾ പിന്നിട്ടിട്ടും കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തിൽ അന്തിമ തീരുമാനമാകാത്തത് വമ്പൻ ജയത്തിന് മങ്ങലേൽപ്പിച്ചെന്ന് തുറന്ന് പറഞ്ഞ് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു കെ പി സി സി അധ്യക്ഷന്‍റെ മറുപടി. വമ്പൻ ജയത്തിന് മങ്ങലേൽപ്പിക്കുന്നതാണ് മുഖ്യമന്ത്രി ചർച്ചയെന്ന് അദ്ദേഹം വ്യക്തമാക്കി. വെളുത്ത പുക ഉടൻ ഉയരുമെന്നും സണ്ണി ജോസഫ് പ്രതീക്ഷ പങ്കുവെച്ചു. അതിനിടെ കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തിൽ തീരുമാനം എടുത്തിട്ടല്ല രാഹുൽ ഗാന്ധി നേതാക്കളെ ദില്ലിയിലേക്ക് വിളിച്ചതെന്ന് എ ഐ സി സി വൃത്തങ്ങൾ വ്യക്തമാക്കി. നേതാക്കളുടെ അഭിപ്രായം കേട്ട ശേഷം രാഹുൽ ഗാന്ധി തീരുമാനിക്കും. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി ഇതുവരെ ആരുടെയും പേര് പറഞ്ഞിട്ടില്ല. മുൻ മുഖ്യമന്ത്രി എ കെ ആന്റണിയും ആരെയും നിർദ്ദേശിച്ചില്ലെന്നാണ് സൂചന. അതേസമയം എം എൽ എമാരുടെ എണ്ണം അവഗണിക്കരുതെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കെ സി വേണുഗോപാലിനെ പിന്തുണയ്ക്കുന്നവർ.

തീരുമാനം എന്താകും
കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകളുടെ ഭാഗമായി രാഹുൽ ഗാന്ധി നേരിട്ട് അഭിപ്രായങ്ങൾ തേടുകയാണ്. രാഹുൽ, നെഹ്റു കുടുംബത്തോട് അടുപ്പമുള്ള പലരുടെയും അഭിപ്രായം തേടി. ഇന്ന് കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളുമായും സംസാരിക്കും. അതേസമയം, സോണിയ ഗാന്ധി തീരുമാനം എടുക്കണമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അഭിപ്രായം. കെ സി വേണുഗോപാലുമായി ഖർഗെയ്ക്കും രാഹുലിനും വ്യക്തിപരമായ ബന്ധമുണ്ട് എന്ന സാഹചര്യത്തിലാണ് സോണിയ ഗാന്ധി തീരുമാനിക്കട്ടെയെന്ന നിലപാടിലേക്ക് ഖർഗെ എത്തിയത്. എട്ടു ദിവസമായിട്ടും തീരുമാനം പ്രഖ്യാപിക്കാൻ കഴിയാത്തതിൽ ഘടകകക്ഷികളിൽ അടക്കം പ്രതിഷേധം പുകയുകയാണ്. ചര്‍ച്ചകളുടെ ഭാഗമായി രാഹുല്‍ ഗാന്ധി മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമായും പ്രിയങ്ക ഗാന്ധിയുമായും സംസാരിച്ചിരുന്നു. ലീഗിന്‍റെ നിലപാടും, സംസ്ഥാനത്തെ സാഹചര്യവും പ്രിയങ്ക രാഹുലിനെ ധരിപ്പിച്ചു. അവസാനവട്ട ചര്‍ച്ചകളിലും കെസി വേണുഗോപാലിനാണ് മുന്‍തൂക്കം. അന്‍പതിലേറെ എംഎല്‍എമാരുടെ പിന്തുണ കെസിക്കുണ്ടെന്നും, വി ഡി സതീശനും, രമേശ് ചെന്നിത്തലക്കും ഒറ്റയക്കമാണെന്നുമാണ് നിരീക്ഷകരുടെ റിപ്പോര്‍ട്ടിലുള്ളത്. ജനപ്രതിനിധികളുടെ പിന്തുണ സംഖ്യ മറികടന്ന് മറ്റ് ഘടകങ്ങള്‍ സമീപകാലത്തൊന്നും ഹൈക്കമാന്‍ഡ് പരിഗണിച്ചിട്ടില്ല. ബുധനാഴ്ചയോടെ തീരുമാനം വന്നേക്കുമെന്ന സൂചനയാണ് നിലവിലുള്ളത്.
