ദില്ലി ആസിഡ് ആക്രമണത്തിൽ വഴിത്തിരിവ്.ആക്രമണത്തിന് ഇരയായ വിദ്യാർഥിനിയുടെ പിതാവ് അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ദില്ലി: ദില്ലി ആസിഡ് ആക്രമണത്തിൽ വഴിത്തിരിവ്.ആക്രമണത്തിന് ഇരയായ വിദ്യാർഥിനിയുടെ പിതാവ് അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ കേസിൽ പെടുത്താൻ വേണ്ടിയുള്ള നാടകം ആയിരുന്നു ആസിഡ് ആക്രമണമെന്ന് പിതാവ് മൊഴി നൽകിയതായി റിപ്പോർട്ട്. പെൺകുട്ടിക്കെതിരെയും പൊലീസ് കേസെടുത്തേക്കും എന്നാണ് വിവരം. ഇന്നലെ കോളേജിലേക്ക് പോകും വഴി മൂവർസംഘം പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയെന്നായിരുന്നു പരാതി. പെൺകുട്ടിക്ക് കൈക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇത് മനപ്പൂർവ്വം ചെയ്തതാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ലക്ഷ്മിഭായ് കോളേജിലേക്ക് പോകുംവഴിയാണ് വിദ്യാർത്ഥിനിയെ ബൈക്കിൽ എത്തിയ മൂവർസംഘം ആക്രമിച്ചു എന്നായിരുന്നു പരാതി. പെൺകുട്ടിയുടെ മുഖത്തിനു നേരെ ആസിഡ് ഒഴിച്ചെങ്കിലും കൈകൊണ്ട് തടഞ്ഞതിനാൽ കൈക്ക് മാത്രമാണ് പരിക്കേറ്റത് എന്നാണ് പറഞ്ഞിരുന്നത്. തുടര്‍ന്ന് പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഒന്നരവർഷമായി പ്രതികളിൽ ഒരാളായ യുവാവ് ശല്യപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടിയുടെ സഹോദരൻ പറഞ്ഞിട്ടുണ്ട്. യുവാവിന്‍റെ ഭാര്യയോടടക്കം പെൺകുട്ടി ഇക്കാര്യം പറഞ്ഞിരുന്നതായും സഹോദരൻ വ്യക്തമാക്കി.

ഇതിന്റെ വൈരാഗ്യത്തിൽ ആകാം ആക്രമണം എന്നായിുന്നു പൊലീസിന്‍റെ നിഗമനം. എന്നാല്‍ കേസ് കെട്ടിച്ചമച്ചത് ആണോ എന്നാണ് പൊലീസ് നിലവില്‍ സംശയിക്കുന്നത്. പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരന്നു. സംഭവത്തിൽ ദേശീയ വനിത കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. 5 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ദില്ലി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. പ്രതികളെ ഉടൻ പിടികൂടണമെന്നും പെൺകുട്ടിക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇതിനിടെ ആക്രമണത്തിനിരയായ പെൺകുട്ടിയുടെ പിതാവ് യുവാവിന്‍റെ ഭാര്യയെ ശല്യപ്പെടുത്തിയിരുന്നതായി വാർത്തകൾ വന്നിട്ടുണ്ട്. ഇയാൾ തന്നെ ഉപദ്രവിച്ചതായും ഫോണിൽ അശ്ലീല സന്ദേശങ്ങൾ അയച്ചതായും ജിതേന്ദറിന്റെ ഭാര്യ ആരോപിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ പൊലീസ് ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

YouTube video player