Asianet News MalayalamAsianet News Malayalam

കൊവിഡ് ഭീതിക്കിടയിൽ ഡെങ്കിപ്പനി പടരുന്നു; തൊടുപുഴയിൽ 10 പേ‍ർക്ക് ഡെങ്കിപ്പനി

ലോക്ക് ഡൗൺ നിലവിൽ വന്നതിന് ശേഷം മേഖലയിൽ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായിരുന്നില്ല. ഇതിനൊപ്പം വേനൽ മഴ കൂടി വന്നതോടെ ഡെങ്കിപ്പനി വ്യാപനം കൂടി.  വീട്ടിലിരിക്കുന്ന എല്ലാവരും പരിസര ശുചീകരണത്തിന് തയ്യാറാകണമെന്ന് ആരോഗ്യവകുപ്പ്.
dengue fever spreading in idukki
Author
Idukki, First Published Apr 16, 2020, 9:16 AM IST
ഇടുക്കി: കൊവിഡ് ഭീതിക്കിടയിൽ ഇടുക്കിയിൽ ഡെങ്കിപ്പനി പടരുന്നു. തൊടുപുഴ മേഖലയിൽ 10 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കൊവിഡ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവർത്തകർ തിരക്കിലായതിനാൽ ഡെങ്കിപ്പനിയെ ചെറുക്കാൻ വീട്ടിലിരിക്കുന്ന ഓരോത്തരും സഹകരിക്കണമെന്ന് ഡിഎംഒ അറിയിച്ചു.

തൊടുപുഴ നഗരസഭയിലും ആലക്കോട്, കോടിക്കുളം പഞ്ചായത്തിലുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പത്ത് പേരും തൊടുപുഴയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ലോക്ക് ഡൗൺ നിലവിൽ വന്നതിന് ശേഷം മേഖലയിൽ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായിരുന്നില്ല. ഇതിനൊപ്പം വേനൽ മഴ കൂടി വന്നതോടെ ഡെങ്കിപ്പനി വ്യാപനം കൂടി. 

ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ശുദ്ധജലത്തിൽ മുട്ടയിട്ട് പെരുകുന്നതാണ് ഈ കൊതുകുകൾ. അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ്വസ്തുക്കൾ, ടയറുകൾ, റബർ തോട്ടത്തിലെ ചിരട്ടകൾ തുടങ്ങിയവയിൽ മഴവെള്ളം കെട്ടികിടക്കുന്നത് കൊതുകുകളുടെ പ്രജനനത്തിന് ഇടയാക്കുന്നു. ഈ സാഹചര്യത്തിൽ ലോക്ക് ഡൗണിൽ വീട്ടിലിരിക്കുന്ന എല്ലാവരും പരിസര ശുചീകരണത്തിന് തയ്യാറാകണമെന്ന് ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു. 

Also Read: കൊതുക് കടിച്ചാൽ കൊവിഡ് വരുമോ?

കൊവിഡ് പ്രതിരോധ പ്രവർ‍ത്തനങ്ങളുടെ തിരക്കിലായതിനാൽ ആരോഗ്യപ്രവർത്തകർ മറ്റ് കാര്യങ്ങളിൽ കാര്യക്ഷമമായി ഇടപെടാനാകുന്നില്ല. ഈ സാഹചര്യത്തിൽ കൊതുകുകളുടെ ഉറവിട നശീകരണം ഓരോരുത്തരും സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുക്കണം. പനി വന്നാൽ സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യവകുപ്പുമായും ആശാപ്രവ‍ർത്തകരുമായും ബന്ധപ്പെടണമെന്നും ഡിഎംഒ അറിയിച്ചു.
Follow Us:
Download App:
  • android
  • ios