കേരള കലാസമിതിയുടെ നേതൃത്വത്തിൽ ചെന്നൈ ഐഐടിയിൽ വൈകീട്ട് നടത്താനിരുന്ന ചടങ്ങിനാണ് അധികൃതർ അനുമതി നിഷേധിച്ചത്.

ചെന്നൈ: ചെന്നൈ ഐഐടിയിൽ ഇന്ന് നടക്കാനിരുന്ന സുനിൽ പി ഇളയിടത്തിന്‍റെ പ്രഭാഷണം അധികൃതർ അനുമതി നിഷേധിച്ചതിനെ തുടർന്ന് മുടങ്ങി. ഐഐടിയിലെ മലയാളി വിദ്യാർത്ഥികളുടെ കൂട്ടായ്മ ആയ കേരള കലാസമിതിയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. 'കല, സംസ്‌കാരം, രാഷ്ട്രീയം: നവകേരളത്തിന്റെ സാധ്യതകള്‍' എന്ന വിഷയത്തിലാണ് സുനിൽ പി ഇളയിടം പ്രഭാഷണം നടത്താനിരുന്നത്. ചടങ്ങ് നടത്താൻ ഹാൾ അനുവദിച്ച നടപടി പിന്നീട് റദ്ദാക്കുകയായിരുന്നു. അനുമതി നിഷേധിക്കാനുള്ള കാരണം എന്താണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

കാലടി ശങ്കര സർവകലാശാലയിലെ അധ്യാപകനും പ്രസിദ്ധ പ്രഭാഷകനുമായ സുനിൽ പി ഇളയിടമാണ് സംസാരിക്കാൻ എത്തുന്നതെന്നും
ചടങ്ങിന്‍റെ വിശദാംശങ്ങളും നേരത്തേ തന്നെ വിദ്യാർത്ഥികൾ ഡീൻ അടക്കമുള്ള അധികൃതരെ അറിയിച്ചിരുന്നു. തുടർന്ന് വേദി അനുവദിച്ച് നൽകുകയും ചെയ്തു. പ്രഭാഷണത്തിനായി സുനിൽ പി ഇളയിടം ഐഐടിയിൽ എത്തിയതിന് ശേഷമാണ് അനുമതി നിഷേധിച്ച കാര്യം അറിഞ്ഞത്. അക്കാദമികമായ പരിപാടി അല്ലാത്തതുകൊണ്ടാണ് അനുമതി നിഷേധിച്ചതെന്നാണ് പറഞ്ഞതെന്നും തെര‌ഞ്ഞെടുപ്പ് കമ്മീഷന്‍റെയും പൊലീസിന്‍റെയും ഇടപെടലുണ്ടായെന്നുമുള്ള പരസ്പര വിരുദ്ധമായ മറുപടികൾ കിട്ടിയെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പരിപാടിക്ക് അനുമതി നിഷേധിച്ചതിന് കൃത്യമായ കാരണം അധികൃതർ എഴുതി നൽകണമെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.