അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകരുടെ അറസ്റ്റ് ഉടനുണ്ടായേക്കും. ഡോ. എം.കെ. റാം, ഡോ. കെ ടി സംഗീത എന്നിവരെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകും. കോളേജ് വിദ്യാർത്ഥികളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കുടുംബം.
തിരുവനന്തപുരം: കണ്ണൂരിൽ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകർക്കെതിരെ അന്വേഷണം ഊർജിതമാക്കി പൊലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ ഡോ. എം.കെ. റാം, ഡോ. കെ ടി സംഗീത എന്നിവരെ വൈകാതെ അറസ്റ്റ് ചെയ്തേക്കും. ഇരുവർക്കും നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്. കോളേജിലെ വിദ്യാർത്ഥികളുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. അതേസമയം, പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കുടുംബം പ്രതികരിച്ചു. പൊലീസ് അന്വേഷണത്തിലൂടെ നീതി കിട്ടുമെന്ന പ്രതീക്ഷയില്ലെന്ന് നിതിൻ രാജിൻ്റെ അച്ഛൻ രാജൻ പറഞ്ഞു. മകൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മകന്റെ മരണം കൊലപാതകം ആണെന്നും രാജൻ ആരോപിച്ചു. മകന്റെ മരണത്തിനുശേഷം കോളേജ് അധികൃതരോ വിദ്യാർഥികളോ വീട്ടിലെത്താത്തതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിധിൻ ലോൺ ആപ്പിൽ നിന്ന് കടം എടുത്തിരുന്നുവെന്നും അതിന്റെ പേരിൽ അധ്യാപികയ്ക്ക് ഫോൺവന്നിരുന്നുവെന്നും പൊലീസ് പറയുന്നു. വീട്ടുകാർ അറിഞ്ഞുള്ള പണമിടപാട് ആണെന്നും അതിന്റെ പേരിൽ ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ കോളേജ് അധികൃതർ വീട്ടുകാരെ അറിയിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്ന് നിതിന്റെ സഹോദരി നികിത ന്യൂസ് അവറിൽ പ്രതികരിച്ചു. നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട ഇന്ന് ഗവർണറെ കണ്ട് കാര്യങ്ങൾ അറിയിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഇന്നലെ സുരേഷ് ഗോപി നിതിന്റെ വീട്ടിെലെത്തി കുടുംബവുമായി സംസാരിച്ചിരുന്നു. കണ്ണൂർ കമ്മിഷണറും നിതിൻ്റെ കുടുംബവും പറഞ്ഞ കാര്യങ്ങളിൽ ചില പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കുടുംബത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ ഇടപെടലുകൾ ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളേജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നുമാണ് കുടുംബം പരാതി ഉന്നയിക്കുന്നത്. മകൻ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്. നിതിന്റെ മരണത്തിൽ ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ഇന്നലെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.



