'പാർട്ടിയിലെ അവസരങ്ങൾ നിഷേധിക്കുന്നു, പലതും തുറന്നുപറയേണ്ടി വരും': വി ഡി സതീശനെതിരെ എഐസിസി അംഗം സിമി റോസ്ബെൽ
കെപിസിസി പ്രസിഡന്‍റും രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും ഉൾപ്പെടെയുള്ളവർ തന്നെ അനുകൂലിക്കുമ്പോഴും സതീശൻ പാർട്ടി ഭാരവാഹിത്വത്തിലേക്ക് വരാൻ അനുവദിക്കുന്നില്ലെന്ന് എഐസിസി അംഗം സിമി റോസ്ബെൽ ജോൺ
കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പാർട്ടിയിലെ തന്‍റെ അവസരങ്ങൾ നിഷേധിക്കുന്നുവെന്ന പരാതിയുമായി എഐസിസി അംഗം സിമി റോസ്ബെൽ ജോൺ. കെപിസിസി പ്രസിഡന്‍റ് അടക്കം മറ്റു നേതാക്കളുടെ പിന്തുണ ഉണ്ടായിട്ടും പാർട്ടി ഭാരവാഹിത്വത്തിലേക്ക് വരാൻ സതീശൻ അനുവദിക്കുന്നില്ല എന്നാണ് ആരോപണം. അവഗണന തുടർന്നാൽ പല കാര്യങ്ങളും തുറന്നു പറയേണ്ടി വരുമെന്നും സിമി മുന്നറിയിപ്പ് നൽകുന്നു.
പാർട്ടിയിലെ അവസരങ്ങൾ നിഷേധിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൂട്ടരും നിരന്തരം ശ്രമിക്കുന്നെന്നാണ് എഐസിസി അംഗത്തിന്‍റെ പരാതി- "ഹൈബിയും സമ്മതിക്കില്ല, പ്രതിപക്ഷ നേതാവും സമ്മതിക്കില്ല. എന്‍റെ പാർട്ടിയിൽ എനിക്ക് പ്രവർത്തിക്കണമെങ്കിൽ എന്‍റെയത്ര പോലും പ്രവർത്തിച്ചിട്ടില്ലാത്ത വി ഡി സതീശന്‍റെ അനുവാദം വേണോ? പതിനഞ്ചോ പതിനേഴോ വർഷം മുൻപ് അച്ഛൻ മരിച്ചപ്പോൾ രാഷ്ട്രീയത്തിൽ വന്ന ഹൈബി ഈഡന്‍റെ അനുവാദം വേണോ? എനിക്ക് അർഹതയില്ലേ?"
തന്നെക്കാൾ ജൂനിയർ ആയ ദീപ്തി മേരി വർഗീസിനെ കെപിസിസി ജനറൽ സെക്രട്ടറി ആക്കിയതും മാധ്യമ വിഭാഗത്തിന്റെ ചുമതല നൽകിയതും തന്നെ ഒഴിവാക്കാൻ വേണ്ടിയാണ് എന്ന് സിമി പറയുന്നു- "വേറൊരു പാർട്ടിയിലാണെങ്കിൽ സമ്മതിക്കുമോ? സ്ഥാനാർത്ഥിയെ തോൽപിക്കാൻ നടന്നു. എൽഡിഎഫിന് ചോർത്തിക്കൊടുത്തു. പാർട്ടിയെ വെല്ലുവിളിച്ചിട്ട് പോലും ദീപ്തിക്കെതിരെ എന്ത് നടപടിയെടുത്തു?"
കെപിസിസി പ്രസിഡന്‍റും രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും ഉൾപ്പെടെയുള്ളവർ തന്നെ അനുകൂലിക്കുമ്പോഴും സതീശൻ തന്നെ അവഗണിക്കുകയാണെന്നാണ് പരാതി. പിഎസ്‍സി കിട്ടിയില്ലേ, വീട്ടിലിരിക്കാൻ സതീശൻ തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും സിമി പറയുന്നു. പ്രതിപക്ഷ നേതാവിനെതിരായ വിമർശനത്തിന്റെ പേരിൽ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് കരുതുന്നില്ല. പാർട്ടിയിൽ ഉറച്ചുനിൽക്കുമെന്നും സിമി പറയുന്നു.
മഹിളാ കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന സിമി ഒരു തവണ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. പിഎസ്‌സി അംഗമായും പ്രവർത്തിച്ചിരുന്നു. സിമിയുടെ വിമർശനങ്ങളെ തൽക്കാലം അവഗണിക്കാനാണ് കോണ്‍ഗ്രസ് എറണാകുളം ജില്ലാ നേതൃത്വത്തിന്‍റെ തീരുമാനം.
മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷ; 'ജാമ്യം നൽകരുത്', കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയെന്ന് പൊലീസ്