Asianet News MalayalamAsianet News Malayalam

എങ്ങനെ പുനരാരംഭിക്കണം, ബാച്ച് സംവിധാനം പ്രായോഗികമോ? ചര്‍ച്ചകളിലേക്ക് കടന്ന് വിദ്യാഭ്യാസ വകുപ്പ്

എങ്ങനെ അധ്യയനം പുനരാരംഭിക്കണം എന്നതിലാണ് വകുപ്പ് തിരുമാനമെടുക്കേണ്ടത്. 15 ദിവസങ്ങൾക്ക് മുമ്പ് മുന്നൊരുക്കങ്ങൾ പൂർത്തിയാക്കണമെന്നാണ് സർക്കാർ നിർദേശം വന്നിട്ടുള്ളത്. തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും നിരവധി ചോദ്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉയരുന്നത്.

Department of Education starts discussion on school re opening
Author
Thiruvananthapuram, First Published Sep 19, 2021, 8:02 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിനുള്ള തീയതി പ്രഖ്യാപിച്ചതോടെ കൂടുതൽ നടപടികളിലേക്ക് കടന്ന് വിദ്യാഭ്യാസ വകുപ്പ്. എങ്ങനെ അധ്യയനം പുനരാരംഭിക്കണം എന്നതിലാണ് വകുപ്പ് തിരുമാനമെടുക്കേണ്ടത്. 15 ദിവസങ്ങൾക്ക് മുമ്പ് മുന്നൊരുക്കങ്ങൾ പൂർത്തിയാക്കണമെന്നാണ് സർക്കാർ നിർദേശം വന്നിട്ടുള്ളത്. സ്കൂളുകൾ തുറക്കാനുള്ള തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും നിരവധി ചോദ്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉയരുന്നത്.

എല്ലാ വിദ്യാർത്ഥികളെയും ഒരു ദിവസം സ്കൂളുകളിൽ എത്തിക്കേണ്ട എന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ആലോചനകള്‍. ബാച്ച് സംവിധാനം കൊണ്ട് വന്ന് ഒരു ദിവസം പകുതി വിദ്യാർത്ഥികൾ എന്നതാണ് പദ്ധതി. ഇന്നലെ നിർണ്ണായക തീരുമാനം എടുക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി വിദ്യാഭ്യാസ വകുപ്പുമായി ചർച്ച നടത്താത്തതും ആശയക്കുഴപ്പം ഉയർത്തിയിട്ടുണ്ട്.

പ്ലസ് വണ്‍ പരീക്ഷാ നടത്തുന്നതിലാണ് നിലവിൽ വിദ്യാഭ്യാസ വകുപ്പിന്‍റെ പൂര്‍ണ്ണ ശ്രദ്ധ. അത് പൂർത്തിയായ ശേഷമാകും അധ്യയനം തുടങ്ങുന്നത് സംബന്ധിച്ച ക്രമീകരണങ്ങളിലേക്ക് വകുപ്പ് പ്രായോഗികമായി കടക്കുക. എല്ലാ വിദ്യാർത്ഥികൾക്കും പ്രത്യേകം തയ്യാറാക്കിയ മാസ്ക്കുകള്‍ നൽകണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടെ 40 ദിവസം കൊണ്ട് 35 ലക്ഷത്തിലധികം കുട്ടികൾക്ക് വേണ്ട മാസ്ക്ക് തയ്യാറാക്കേണ്ടി വരും.

ആദ്യ ഘടത്തിൽ ഒന്നുമുതൽ ഏഴ് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുമാണ് പഠനം തുടങ്ങേണ്ടത്. നവംബർ ഒന്നിന് മുമ്പ് വിദ്യാർത്ഥികൾക്ക് അടക്കം എത്ര പേർക്ക് കൊവിഡ് പ്രതിരോധം കൈവന്നുവെന്ന പഠനം പൂർത്തിയാക്കാനാകുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സിനേഷനും 90 ശതമാനത്തിലേക്കെങ്കിലും എത്തിക്കാനുള്ള സാവകാശവുമുണ്ട്. വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കുന്നതിലുള്ള വാഹനങ്ങളിൽ വേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ചും വിദ്യാഭ്യാസവകുപ്പ് ചർച്ചകൾ തുടങ്ങും. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios